‘കെഎസ്‌യു പ്രവർത്തകരുടെ ചോര വീഴ്ത്തിയിരിക്കും’; കൊലവിളിയുമായി സിപിഎം നേതാവ് | VIDEO

Jaihind Webdesk
Thursday, December 1, 2022

കൊച്ചി: കാലടി ശ്രീ ശങ്കരാ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലെ കെഎസ്‌യു വിജയത്തിന് പിന്നാലെ സിപിഎം നേതാവിന്‍റെ കൊലവിളി. അയ്യമ്പുഴ പഞ്ചായത്ത് പി.ഒ ജോമോനാണ് കൊലവിളി പ്രസംഗം നടത്തിയത്. കെഎസ്‌യു പ്രവര്‍ത്തകരുടെ ചോര വീഴ്ത്തുമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി.

കാലടി ശ്രീ ശങ്കരാ കോളേജില്‍ മുമ്പ് തുടര്‍ച്ചയായി എസ്എഫ്‌ഐ ആണ് വിജയിച്ചുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ ഇവിടെ കെഎസ്‌യുവിനാണ് വിജയം. ഇത്തവണ 14 സീറ്റുകളില്‍ 13 സീറ്റുകളിലും കെഎസ്‌യു വിജയം നേടിയതില്‍ ഈ കോളേജില്‍ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് പി.ഒ ജോമോന്‍ കൊലവിളി പ്രസംഗം നടത്തിയത്.

അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ഈ കൊലവിളി പ്രസംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘കോളേജ് യൂണിയന്‍ ഇലക്ഷന്‍ തോറ്റതിന് അഞ്ച് കെഎസ് യു പ്രവര്‍ത്തകരുടെ ചോര വീഴ്ത്താന്‍ കൊലവിളി നടത്തുന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ‘ എന്ന അടിക്കുറിപ്പോടെയാണ് എംഎല്‍ എവീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അഞ്ച് പേരുടെ ചോര വീഴ്ത്താന്‍ നോക്കാതെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 18 വര്‍ഷം എസ്എഫ്‌ഐക്ക് സ്വന്തമായിരുന്ന ഒരു കോളേജില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നും റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അക്രമം കോണ്‍ഗ്രസിന്‍റെ മാർഗമല്ലെന്നും പോലീസ് കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റോജി എം ജോണ്‍ എംഎല്‍എ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസും ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.