ത്രിപുരയിൽ മുൻ സി.പി.എം എം.എൽ.എ ബിശ്വജിത്ത് ദത്ത ബി.ജെ.പിയിൽ ചേർന്നു. സി.പി.എമ്മിൽ അഴിമതിയും ക്രിമിനൽവൽക്കരണവും വിഭാഗീയ പ്രവർത്തനവും നടക്കുന്നുവെന്നും ദത്ത ആരോപിച്ചു.
1964 മുതൽ സി.പി.എമ്മിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ബിശ്വജിത്ത് ദത്ത ത്രിപുരയിലെ ഖോവായ് ജില്ലിയിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പിയിൽ ചേർന്നത്. കഴിഞ്ഞ ഏപ്രിലിൽ സി.പി.എമ്മിലെ എല്ലാ പദവികളും ദത്ത രാജിവെച്ചിരുന്നു. തന്നെ നിയമസഭാ തെരെഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്താൻ ഗൂഡാലോചന നടത്തി. ബലം പ്രയോഗിച്ച് പാർട്ടി തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അതിനു ശേഷം തനിക്ക് പകരം ഒരാൾക്ക് സീറ്റ് നൽകിയെന്നും ദത്ത പറഞ്ഞു.
ത്രിപുരയിലെ ഇടതുമുന്നണി ദത്തയെ ഒരു വർഷം മുമ്പ് എകകണ്ഠമായി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തെ മാറ്റി എസ്.എഫ്.ഐ നേതാവ് നിർമ്മൽ ബിശ്വാസിന് സീറ്റ് നൽകുകയായിരുന്നു. വിഭാഗീയതയുടെ ഫലമായി തനിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയ്ക്ക് സി.പി.എം സംസ്ഥാന നേതൃത്വം പൂർണ്ണ പിന്തുണ നൽകി. തനിക്ക് അസുഖമുണ്ടെന്ന് കെട്ടിചമച്ച് തന്നെ തെരെഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് മന:പൂർവ്വം ഒഴിവാക്കി നിർത്തുകയായിരുന്നുവെന്നും ദത്ത ആരോപിച്ചു.
എന്നാൽ ദത്തയുടെ ആരോപണം തള്ളി സി.പി.എം സംസ്ഥാന നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പബിത്ര കർ രംഗത്തു വന്നു. ദത്തയുടെ അസുഖ വിവരത്തെപ്പറ്റി എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നും എങ്ങനെയാണ് തങ്ങൾ അസുഖബാധിതനായ ഒരാളെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതെന്നും പബിത്രകർ ചോദിച്ചു.