സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം; വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വാക്സിന്‍ സ്റ്റോക്ക് പൂർണമായും തീർന്നു. ഇതോടെ സംസ്ഥാനത്ത് വാക്സിൻ വിതരണം പൂർണമായും നിലയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവർ, യാത്രയ്ക്കായി വാക്സിൻ ആവശ്യമുള്ളവര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രതിസന്ധി പ്രതിഫലിക്കും. അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും.

സംസ്ഥാനത്തെ വാക്‌സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്സിൻ മാത്രമാണുള്ളത്. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്‌സിൻ മാത്രമാണ്. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. മറ്റു ജില്ലകളിലും വാക്സിൻ സ്റ്റോക്ക് കുറവാണ്. വാക്‌സിൻ എന്ന് വരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈമാസം 29 ന് കൂടുതൽ വാക്‌സിൻ എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. സർക്കാരിന്‍റെ അഭ്യർത്ഥന അനുസരിച്ച് വാക്‌സിൻ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.

സംസ്ഥാനത്ത് 18 നും 45നും ഇടയിലുള്ള 1 കോടി 48 ലക്ഷം പേർക്കും 45 വയസിന് മുകളിലുള്ള രണ്ടര കോടിയിലേറെ  പേർക്കും ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം 17 നാണ് സംസ്ഥാനത്ത് അവസാനമായി വാക്സിൻ എത്തിയത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിൻ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. അതേസമയം രോഗവ്യാപനത്തിന് കുറവില്ല. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ടിപിആർ നിരക്ക് ഉയർന്നുതന്നെയാണ്. വാക്‌സിൻ വിതരണം, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഇന്ന് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ സാധ്യതയില്ല.