കൊവിഡ് വാക്‌സീന് ഒന്നര മാസത്തേയ്ക്ക് യുഎഇയില്‍ നിയന്ത്രണം ; വയോധികര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും പ്രഥമ പരിഗണന

Jaihind News Bureau
Monday, February 8, 2021

 

ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇനി അടുത്ത ഒന്നര മാസത്തേയ്ക്ക്, വാക്‌സീന്‍ വയോധികര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മാത്രമാക്കി. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുക. എന്നാല്‍, നേരത്തെ ബുക്ക് ചെയ്തു തീയതി കിട്ടിയവര്‍ക്കും നിശ്ചിത ദിവസം കുത്തിവയ്പ് എടുക്കാം.

വാക്‌സീന്‍ എടുത്ത് സുരക്ഷ ഉറപ്പാക്കണം

6 ആഴ്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കു കൂടി വാക്‌സീന്‍ ലഭ്യമാക്കാനാണ് പദ്ധതി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പ്രായമായവര്‍ക്കുള്ള കരുതല്‍ ശക്തമാക്കിയത്. ഗുരുതര രോഗമുള്ളവരും പ്രായമായവരും എത്രയും വേഗം വാക്‌സീന്‍ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

ആദ്യ ഡോസ് എടുത്തവര്‍ക്കു രണ്ടാമത്തെ ഡോസ്

അതേസമയം, കൊവിഡ് വാക്‌സീന്റെ ആദ്യ ഡോസ് എടുത്തവര്‍ക്കു രണ്ടാമത്തെ ഡോസ് ലഭിക്കും. ഷോപ്പിങ് മാള്‍, ഹോട്ടല്‍, കായിക, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണവും നേരത്തെ നിയന്ത്രിച്ചിരുന്നു. കൂടാതെ, മരണം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും യുഎഇയില്‍ പരിമിതപ്പെടുത്തി.