കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കാം; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, അലംഭാവം അപകടമെന്നും വിദഗ്ധര്‍

Jaihind Webdesk
Sunday, July 4, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘത്തിന്‍റെ മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടിയേക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകുമെന്നും  ദൗത്യസംഘം ചൂണ്ടിക്കാട്ടുന്നു.

രണ്ടാം തരംഗം രാജ്യത്ത് വിതച്ച ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനിയുമൊരു തരംഗം തീവ്രമാകാതിരിക്കണമെങ്കില്‍ മതിയായ മുന്‍കരുതല്‍ ആവശ്യമാണ്. ഇതിനായി രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ഇതിനായി തയാറെടുക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. അതേസമയം രാജ്യത്ത് രണ്ടാം തരംഗത്തിന്‍റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ദൗത്യസംഘം പറയുന്നു.

മുന്‍കരുതലുകള്‍ക്കൊപ്പം പ്രതിരോധ വാക്സിനേഷനാണ് മഹാമാരിയെ ചെറുക്കാനുള്ള പ്രതിവിധി. മുപ്പത്തിയഞ്ച് കോടി ജനങ്ങള്‍ക്ക് മാത്രമേ ഇതുവരെ വാക്സിന്‍ ലഭിച്ചിട്ടുള്ളൂ എന്ന് കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,95,000 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.