കൊവിഡ് : രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും ; അതിവേഗവ്യാപനത്തിന് വഴിയൊരുക്കി വൈറസിന്‍റെ ഇരട്ടവകഭേദം

Jaihind Webdesk
Thursday, April 15, 2021

ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വർധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാന്‍ തീരുമാനം. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് മാരകപ്രഹരം ഏല്‍പിക്കുന്ന സാഹചര്യത്തിലാണ് നടപടി.ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവ മെയ് 15 വരെയാണ് നിലവില്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.  കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സാര്‍സ് കോവ്-2 വൈറസിന്‍റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിലാണ് E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഇരട്ട വകഭേദം നാശം വിതയ്ക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് അതിവേഗം വ്യാപിക്കാനുള്ള ഒരു പ്രധാന കാരണം വൈറസിന്‍റെ ഇരട്ട വകഭേദമാണെന്നാണ് സംശയിക്കുന്നത്. ഇരട്ടവകഭേദം കോവി‍ഡ് മരണനിരക്ക് കുത്തനെ ഉയരുന്നതിനു കാരണമാകുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഡൽഹിയിൽ ഇരട്ടവക ഭേദത്തിനു പുറമേ യുകെയിൽ നിന്നുള്ള വകഭേദവും അതിവേഗം പടരുന്നതായി കണ്ടെത്തി.

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നുണ്ട്. കേരളത്തിലും വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.