രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ; നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു ; സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാവില്ല

Jaihind Webdesk
Friday, April 9, 2021

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, കർണാടക മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. അതേസമയം രാജ്യത്ത് ഏപ്രിൽ 11 മുതൽ തൊഴിലിടങ്ങളിലും വാക്സിൻ വിതരണം ചെയ്യും. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശിലെ ലഖ്‌നൌ, നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ തിങ്കളാഴ്ച വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതേസമയം തമിഴ്നാട്ടിൽ ഏപ്രിൽ 10 മുതൽ പൊതു ആരാധനാലയങ്ങളിൽ പ്രവേശനം രാത്രി എട്ടുവരെ മാത്രമാക്കി. മറ്റ് സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് ഇ – പാസ് ഏർപ്പെടുത്തിയത് തുടരും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണും ഏർപ്പെടുത്തി. കർണാടകയിൽനിന്നും മുംബൈയിൽനിന്നും വരുന്നവർക്ക് അസം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

രാജ്യത്ത് ഏപ്രിൽ 11 മുതൽ തൊഴിലിടങ്ങളിലും വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അർഹരായ 100 ഗുണഭോക്താക്കളുള്ള പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. സ്വകാര്യ തൊഴിലിടങ്ങളിൽ വ്യക്തിക്ക് ഡോസിന് 150 രൂപയും സർവീസ് ചാർജായി 100 രൂപയും ഈടാക്കും. 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്‌സിൻ. വാക്‌സിൻ എടുക്കേണ്ടവർ കോ-വിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണമെന്നുമാണ് നിർദേശം.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 24 മണിക്കൂറിനിടെ 59,000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.