റാപിഡ് പരിശോധന മതിയാകില്ല : അബുദാബി, ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; ഉത്തരവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്

Jaihind News Bureau
Tuesday, August 18, 2020

 

ദുബായ് : യുഎഇയില്‍ നിന്ന് അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 21 മുതല്‍ പുതിയ നിമയം പ്രാബല്യത്തില്‍ വരും.

അബുദാബി വിമാനത്താവളത്തിലൂടെ പോകുന്നവര്‍ 96 മണിക്കൂറിനുള്ളിലെ റിപോര്‍ട്ടും, ഷാര്‍ജ വഴി പോകുന്നവര്‍ 48 മണിക്കൂറിനുള്ളിലെ റിപോര്‍ട്ടുമാണു ഹാജരാക്കേണ്ടത്. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനി ഇക്കാര്യം ട്വീറ്റ് ചെയ്തു. നേരത്തെ വിമാനത്താവളത്തില്‍ നടത്തുന്ന റാപിഡ് പരിശോധന നെഗറ്റീവായാല്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നു.

അതേസമയം, ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ 96 മണിക്കൂറിനുള്ളിലെ കോവിഡ്-19 നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, യുഎഇ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തുകയും 48 മണിക്കൂറിനുള്ളില്‍ ഫലം നല്‍കുകയും ചെയ്യും.