തിരുവനന്തപുരം : സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും. കോവിഷീൽഡ് വാക്സിന്‍റെ സ്റ്റോക്ക് തീർന്നതോടെ ക്യാംപുകൾ തൽക്കാലം നിർത്തിവെക്കാൻ തീരുമാനം. ഇന്ന് അടുത്തബാച്ച് വാക്സിൻ എത്തിയാൽ മാത്രമേ നാളെ ക്യാംപുകൾ പുനരാരംഭിക്കാനാകൂ.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ‘ക്രഷിങ് ദ കർവ്’ കർമ്മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മാസ് വാക്സിനേഷന് വാക്സിൻ ക്ഷാമം തിരിച്ചടിയാവുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്സിൻ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. എറണാകുളത്തെ മേഖലാ സംഭരണ കേന്ദ്രത്തിലും കോവീഷീൽഡ് വാക്സിൻ സ്റ്റോക്കില്ല എന്നതും സംസ്ഥാനത്തിന് തിരിച്ചടിയാവുകയാണ് .
രണ്ട് ലക്ഷം ഡോസ് കോവാക്സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്സിന്റെ തുടർലഭ്യത സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ഇത് മാസ് വാക്സിനേഷന് തൽക്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്സിനേഷൻ തടസ്സപ്പെട്ടിരുന്നു. കോവീഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാനെത്തുന്നവർക്കും വാക്സിനില്ലാത്തനാൽ മടങ്ങി പോകേണ്ട സാഹചര്യമുണ്ടായി. മാസ് വാക്സിനേഷന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച 2,65000-ലധികം പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ കോവീഷീൽഡ് സ്റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച 1,67,270 പേർക്ക് മാത്രമാണ് കുത്തിവയ്പ്പെടുക്കാനായത്.
വിഷു അവധി ദിനമായ ഇന്നലെ സംസ്ഥാനത്താകെ വാക്സിനെടുത്ത് 19,000-ൽ താഴെയാളുകൾ മാത്രം. ചില ആശുപത്രികളിൽ ഇന്ന് കോവാക്സിൻ ലഭ്യമാവുമെങ്കിലും കോവീഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കില്ല. ഇന്ന് വൈകീട്ട് അടുത്ത ബാച്ച് വാക്സിൻ സംസ്ഥാനത്തെത്തിക്കുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. വാക്സിനെത്തി ജില്ലകളിലേക്ക് കൈമാറിയാൽ മാത്രമേ നാളെ മെഗാ ക്യാംപുകൾ പുനരാരംഭിക്കാനാകൂ. വാക്സിൻ ക്ഷാമം തുടർന്നാൽ വാക്സിനേഷനിലൂടെ കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാനുള്ള നീക്കം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.