കൊവിഡ്-19 : സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രോഗത്തിന്‍റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിച്ച് സർക്കാർ; കേരളത്തിന് സ്വന്തം നിലയിൽ റെഡ് സോൺ നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ

Jaihind News Bureau
Friday, April 17, 2020

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്‍റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാൻ സർക്കാർ തീരുമാനിച്ചു. നാല് വടക്കൻ ജില്ലകളെ ഒറ്റ ഹോട്സ്പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസ‍ർക്കാർ നിശ്ചയിച്ച ഹോട്ട് സ്പോട്ടുകളെ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കേന്ദ്രസ‍ർക്കാർ പട്ടിക പുറത്തിറക്കിയിരുന്നു.

കോഴിക്കോട് :

റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് എടച്ചേരിയിലെ കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു. ഇവരിൽ മൂന്നു പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും ഇദ്ദേഹത്തിന്‍റെ 59 വയസ്സുള്ള മാതാവിനുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.

ഇതോടെ കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ 9 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 9 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ 2 കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇനി 2 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ 1,298 പേര്‍ കൂടി ഇന്ന് വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

കണ്ണൂർ :

ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊറോണ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. നാല് പേർക്ക് കൂടി രോഗം ബാധിച്ചതോടെ കണ്ണൂർ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം എൺപത്തിനാലായി.

കണ്ണൂർ ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിന പ്രതി വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ജില്ലയില്‍ നാലു പേര്‍ക്കു കൂടിയാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മൂന്നു പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയെത്തിയ പാട്യം മുതിയങ്ങ സ്വദേശി 48കാരനും മാര്‍ച്ച് 20ന് നെടുമ്പാശ്ശേരി വഴിയെത്തിയ പെരളശ്ശേരി സ്വദേശി 41കാരനും കരിപ്പൂര്‍ വഴിയെത്തിയ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി 24കാരനുമാണ് വൈറസ് ബാധയുണ്ടായ മൂന്നു പേര്‍. സമ്പര്‍ക്കം വഴി രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയായ 27കാരി, ഏപ്രില്‍ എട്ടിന് രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ ഭാര്യയാണ്. ചെറുവാഞ്ചേരിയിലെ ബന്ധുക്കളായ 10 പേർക്ക് കൊറോണ ബാധ ഉണ്ടായി.ഇതിൽ 81 കാരനും ഉൾപ്പെടുന്നു. ഏപ്രില്‍ 13ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് ഇവര്‍ നാലു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ 7013 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. . ജില്ലയില്‍ നിന്ന് ഇതുവരെയായി 1625 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1366 എണ്ണത്തിന്റെ ഫലം വന്നു. 259 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ് സോൺ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. റെഡ് സോണായി പ്രഖ്യാപിച്ച ന്യൂമാഹിയില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നു പേരെ പോലിസ് പിടികൂടി കൊറോണ കെയര്‍ സെന്ററിലേക്കയച്ചു. പെരിങ്ങാടി സ്വദേശികളായ രണ്ടു പേരെയും കണ്ണൂക്കര സ്വദേശിയായ ഒരാളെയുമാണ് ന്യൂമാഹി എസ്ഐ രതീഷും സംഘവും പിടികൂടിയത്.
ജില്ലയില്‍ കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണിലും ഏഴ് തദ്ദേശ സ്ഥാപനങ്ങള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. റെഡ് സോണില്‍ മരുന്നു ഷോപ്പ് ഒഴികെയുള്ള കടകളൊന്നും തുറക്കരുതെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നുമാണ് നിയമം. വൈറസിന്റെ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അവ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി.

കാസർകോട് :

രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആശങ്കകൾ ഒഴിയാതെ കാസർകോട് ജില്ല. നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ആളുകളിലും കൊറോണ സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ദുബായിയിൽ നിന്നെത്തിയ യുവാവിനാണു പുതിയതായി രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം 19നാണ് ചെമ്മനാട് സ്വദേശിയായ 20 കാരൻ ദുബായിയിൽ നിന്ന് എത്തിയത്. നാട്ടിലെത്തിയ ശേഷം ഇയാൾ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവെങ്കിലും 28 ദിവസത്തിന് ശേഷമാണ് ഇയാളിൽ രോഗം കണ്ടെത്തിയത്. ഇതോടെ നിരീക്ഷണ കാലാവധി കഴിഞ്ഞവരിലും രോഗം കണ്ടെത്തിയേക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ കണക്കുകൂട്ടുന്നത്. രോഗം കണ്ടെത്തിയയാളെ വിദഗ്ദ ചികിത്സയ്ക്കായി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡിഎംഒ അറിയിച്ചു. രോഗവിമുക്തരാകുന്നവരും അവരുടെ കുടുബാംഗങ്ങളും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ജില്ലയിൽ ലോക് ഡൗൺ നിയന്ത്രണം മേയ് 3 വരെ ഇളവില്ലാതെ തുടരും. ഇതുവരെ 168 പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 65 എണ്ണം സമ്പർക്കത്തിലൂടെയും 103 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരുമാണ്. 61 രോഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

എറണാകുളം :

സോണ്‍ രണ്ടില്‍ ഉൾപ്പെട്ട എറണാകുളം ജില്ലക്കായി പ്രത്യേക പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ ഭരണകൂടം. അതിനിടെ, കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ച് ആയി കുറഞ്ഞു. സാമ്പിൾ പരിശോധന ഇന്നു മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരംഭിക്കും.

മന്ത്രിസഭ യോഗ തീരുമാനപ്രകാരം എറണാകുളം ജില്ലയെ സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനായി പ്രത്യേക റെസിസ്റ്റൻസ് പ്ലാൻ തയ്യാറാക്കാൻ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. ഏപ്രില്‍ 24 ന് ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവു. കൊച്ചി കോര്‍പ്പറേഷനു വേണ്ടിയും പ്രത്യേക പ്ലാന്‍ തയ്യാറാക്കാനാണ് ആലോചിക്കുന്നത്.

എല്ലാ ആശുപത്രികളും തുറന്നു പ്രവര്‍ത്തിക്കണമെന്നും, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം ക്രമീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകൻ കൂടി ഇന്നലെ ഡിസ്ചാർജ് ചെയ്തു.

കോടനാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ അനീഷാണ് ആശുപത്രി വിട്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ക്രീനിങ് ഡെസ്കിലായിരുന്ന
അനീഷിനെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകാതെയാണ് കൊവിഡ് പോസിറ്റീവ് ആയത്. പതിനാല് ദിവസത്തെ ക്വാറൻ്റീനു ശേഷം അനീഷ് തിരികെ ജോലിയിൽ പ്രവേശിക്കും.
നിലവിൽ 5 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. ഇനി 75 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. അതിനിടെ, സാമ്പിൾ പരിശോധന ഇന്നു മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരംഭിക്കും.

ദിവസവും 180 Real time PCR പരിശോധനകൾ നത്താനാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വീടുകളിൽ നിരീക്ഷണത്തിനായി 46 പേരെ പുതിയതായി ഉൾപ്പെടുത്തി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 978 ആയി. നിലവിൽ 20 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്.

പാലക്കാട്‌ :

ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടിയതോടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ എണ്ണവും ക്രമാതീതമായി കുറയുന്നു. നിലവിൽ 13059 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

എന്നാലും ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. ജില്ലയില്‍ നിലവില്‍ 2 കോവിഡ് രോഗബാധിതരാണ് ഉളളത്. അതേസമയം അതിർത്തികളിൽ പോലീസിന്‍റെ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്