കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നു

Jaihind Webdesk
Saturday, April 23, 2022

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് 6 മാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ സർക്കാർ. കഴിഞ്ഞ വർഷം ഒക്ടോർബർ 23 നാണ് മന്ത്രിസഭാ യോഗം ബിപിഎൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.  നഷ്ടപരിഹാരത്തിന് പരിഗണിച്ചതിനെക്കാൾ കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടും തർക്കങ്ങളിൽ കുരുങ്ങിയും കിടക്കുന്നു. 5,000 രൂപ വെച്ച് എല്ലാ മാസവും മൂന്നു വർഷത്തേക്ക് ബിപിഎൽ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ധനസഹായമാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്.

കുടുംബം പോറ്റുന്നയാൾ കൊവിഡ് വന്നു മരിച്ചാൽ മാസം 5000 രൂപവെച്ച് മൂന്നു വർഷത്തേക്ക് നൽകാനായിരുന്നു തീരുമാനം. ഇതനുസരിച്ച് 19,103 പേർ അപേക്ഷിച്ചു. ഇതിൽ ഇതുവരെ അംഗീകരിച്ചത് 5103 അപേക്ഷകളാണ്. ആർക്കും ഇതുവരെ പണം നൽകിയിട്ടില്ല. എന്നാൽ 3592 അപേക്ഷകൾ തള്ളി. 2623 അപേക്ഷകൾ തർക്കങ്ങളിൽ കുരുങ്ങി. അതായത് അംഗീകരിച്ചതിനേക്കാൾ കൂടുതലാണ് തള്ളിയതും തർക്കത്തിൽപ്പെട്ടതുമായ അപേക്ഷകളെന്ന് വ്യക്തം. ഒന്നിലും ഇതുവരെ പരിഹാരമായിട്ടുമില്ല.

ആശയക്കുഴപ്പം നീങ്ങി തുക വിതരണം ചെയ്യാൻ വ്യക്തതയുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. പാസാക്കിയ 5103 അപേക്ഷകൾക്ക് തുക പാസാക്കിയിരുന്നെങ്കിലും ഇത് പിന്നീട് പിടിച്ചുവെച്ചു. ഇപ്പോൾ ധനവകുപ്പിൽ ഫണ്ട് വിനിയോഗത്തിന് സമഗ്ര സംവിധാനമൊരുക്കുന്നത് അവസാനഘട്ടിലാണെന്നും ഉടനെ വിതരണം ചെയ്യുമെന്നുമാണ് വിശദീകരണം. അതല്ല ഫണ്ടില്ലാത്തതാണ് കാരണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.