പ്രവാസ മേഖലയിലെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണം: കെ.സി ജോസഫ് എം.എൽ.എ

Jaihind News Bureau
Saturday, April 11, 2020

KC-Joseph

 

കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.സി ജോസഫ് എം.എല്‍.എ. ഏവരെയും ഉത്കണ്ഠയിലാക്കുന്ന നിലയിലാണ് പ്രവാസി സമൂഹത്തിന്‍റെ പ്രശ്നങ്ങൾ ഉയർന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പ്രളയകാലത്ത് ഉൾപ്പെടെ ദുരിതാശ്വാസ സംഭാവനകൾക്കും ഭവന നിർമാണത്തിനും ആതുരശുശ്രൂഷയ്ക്കും കെ.എം.സി.സിയെയും ഒ.ഐ.സി.സിയെയും പോലുള്ള സംഘടനകളും പ്രവാസി സാമുഹ്യ പ്രവർത്തകരും വ്യവസായ പ്രമുഖരും നൽകിയ സേവനങ്ങൾ അമൂല്യമാണ്. പ്രവാസികൾക്ക് വേണ്ടി അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യമായിട്ടുള്ളതെന്നും ഇതിനായി കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സജീവമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

1 ) അന്തർദ്ദേശീയ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മാറുന്ന അവസരത്തിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അതിനായുള്ള സംവിധാനം ഒരുക്കാൻ നടപടികൾ സ്വീകരിക്കണം. ഇതിനായി ഓൺലൈൻ റജിസ്ട്രേഷന് അവസരം ഉണ്ടാക്കുകയും റജിസ്റ്റർ ചെയ്യുന്നവരുടെ രോഗാവസ്ഥ , പ്രായം, അടിയന്തര സാഹചര്യം എന്നിവ രേഖപ്പെടുത്താനും, സ്ത്രീകൾ, വിസിറ്റിംഗ് വിസയിൽ പോയ ആളുകൾ, ട്രാൻസിറ്റ് യാത്രക്കാർ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കുകയും വേണം.

2 ) കൊറോണ രോഗത്തിന്‍റെ സാമൂഹ്യ വ്യാപന സാധ്യതകളെ ബാധിക്കാത്ത രീതിയിലുള്ള സൗകര്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്കായി ക്രമീകരിക്കണം. വിമാനത്താവളങ്ങളോട് ചേർന്ന് ആശുപത്രികൾ ,ഫ്ലാറ്റ് സമുച്ചയങ്ങൾ ,സൗകര്യപ്രദമായ സ്കൂളുകൾ,ഹോസ്റ്റലുകൾ മറ്റ് ഗവൺമെന്റ് -സ്വകാര്യ സംവിധാനങ്ങൾ എന്നിവ കണ്ടെത്തി മടങ്ങി വരുന്നവർക്ക് നിശ്ചിത കാലയളവിൽ ക്വാറന്റയിനിൽ കഴിയാൻ സൗകര്യം ഉണ്ടാക്കാനും ഇവിടെ ആരോഗ്യ – ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാനും മുൻകൂട്ടി തന്നെ പദ്ധതികൾ തയ്യാറാക്കണം.

3 ) പ്രവാസി സമൂഹത്തിന് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും ടോൾഫ്രീ നമ്പർ അടക്കം പ്രത്യേകമായ സംവിധാനം 24×7 രീതിയിൽ നോർക്കയിൽ ക്രമീകരിച്ചിട്ടില്ലെങ്കിൽ ഉടൻ ആയതിനുള്ള നടപടികൾ സ്വീകരിക്കണം.

4 ) വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഗുരതരമായ പ്രശ്‌നങ്ങളാണ് നേരിടാൻ പോകുന്നത്. ജോലി നഷ്ടപ്പെടലും തിരിച്ചുവരൽ ഭീഷണിയുമാണ് ഇവയിൽ പ്രധാനം. “നിതാഖത്ത് ” കാലത്ത് കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തിയ “നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്‍റ്സ് പദ്ധതി” വിപുലീകരിക്കണം. ഇരുപത് ലക്ഷം വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ബാങ്കുകൾ മുഖേന വായ്പയും അതിനു 15% കാപ്പിറ്റൽ സബ്സിഡിയും, ആദ്യത്തെ 4 വർഷം 3% പലിശ സബ്സിഡിയും നൽകാനാണ് അന്ന് തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് ബാങ്കുകളുടെ നിസ്സഹരണം വലിയ പ്രശ്നമായിരുന്നു. സ്റ്റേറ്റ് ലവൽ ബാങ്കിംഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ ഈ കാര്യം ചർച്ച ചെയ്ത് പദ്ധതി വിപുലീകരിക്കണം.

5 ) കേരളത്തെ അടുത്തറിയാവുന്ന ശ്രി എസ് ജയശങ്കറാണ് വിദേശകാര്യ കാബിനറ്റ് മന്ത്രി. കേരളത്തെപ്പറ്റി നമ്മളെപ്പോലെ അറിയാവുന്ന വ്യക്തിയാണ്. വിദേശകാര്യ സഹമന്ത്രിയും മലയാളിയായ ശ്രീ വി മുരളീധരൻ. അടിയന്തര സാഹചര്യത്തിൽ പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര വിദേശകാര്യ വകുപ്പിന്‍റെയും അവരിലൂടെ എംബസികളെയും (നമ്മൾ നേരിട്ടും എംബസികളെ ബന്ധപ്പെടണം) അറിയിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയ്ക്ക് പുറമെ ഡൽഹിയിൽ പ്രവർത്തന പരിചയമുള്ള ഒരു അഡീഷണൽ ചീഫ് സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തണം.