‘സഹജീവി സ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കേണ്ട സമയമാണിത്’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സന്ദേശം

Jaihind News Bureau
Tuesday, March 24, 2020

Mullappally-Ramachandran

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകർക്കായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സന്ദേശം. സഹജീവി സ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും രോഗബാധ വരില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവ സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലുമാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

കാെവിഡ് 19നെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും സാമൂഹിക അകലം പാലിക്കുകയുമാണ്. ഇതുവഴി രോഗബാധ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് നമ്മുക്ക് ഫലപ്രദമായി തടയാന്‍ സാധിക്കും. രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ചുറ്റുമുള്ളവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം. കര്‍ശനമായ വ്യക്തിശുചിത്വം നമ്മുടെ ദിനചര്യയായി തന്നെ മാറ്റണം. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പാലിക്കണം- അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക്കായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സന്ദേശം, പൂർണരൂപം:

പ്രിയ സുഹൃത്തുക്കളെ,

അത്യന്തം ഭീതിദവും ആപല്‍ക്കരവുമായ സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ലോകത്തെ ഗ്രസിച്ച കോവിഡ് 19ന്റെ ഭീഷണിയില്‍ നിന്നും നാം മുക്തരല്ല.ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ കോവിഡ് രോഗബാധ ഏറ്റവും അപകടകരമായ സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടത്തിലെത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖല. നാം സഹജീവി സ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കേണ്ട സമയമാണിത്. രോഗബാധ വരില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവ സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലുമാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാരും കൈക്കൊള്ളേണ്ടത്.

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും സാമൂഹിക അകലം പാലിക്കുകയുമാണ്. ഇതുവഴി രോഗബാധ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് നമ്മുക്ക് ഫലപ്രദമായി തടയാന്‍ സാധിക്കും.
രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ചുറ്റുമുള്ളവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം.
കര്‍ശനമായ വ്യക്തിശുചിത്വം നമ്മുടെ ദിനചര്യയായി തന്നെമാറ്റണം. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പാലിക്കണം.

വികസിത രാജ്യങ്ങളെപ്പോലും കോവിഡ് 19 തളര്‍ത്തി. പതിനായിരങ്ങള്‍ക്കാണ് ഇവിടെ രോഗം പിടിപ്പെട്ടിട്ടുള്ളത് .മരണ നിരക്കും കൂടിയെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോവിഡ് 19ന്റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലൂടെയാണ് ഇത് കൂടുതലായി സംഭവിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.  130 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് സമൂഹവ്യാപനം ഉണ്ടായാലുള്ള അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മുന്നര കോടി ജനസംഖ്യയുള്ള നമ്മുടെ കേരളത്തില്‍ ആളുകള്‍ കൂട്ടത്തോടെ ചികിത്സ തേടിയാലുള്ള അപകടത്തിന്റെ തീവ്രത നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കും. അതിനാല്‍ രോഗവ്യാപനം ഫലപ്രദമായി തടയുക തന്നെയാരിക്കണം നമ്മുടെ ഓരോരുത്തരുടേയും പരമമായ ലക്ഷ്യം.ജാതിയോ,മതമോ,ഭാഷയോ,രാഷ്ട്രീയമോ ഒന്നും ഈ മഹാമാരിക്ക് ബാധകമല്ല.  നമുക്കായി, നാളയുടെ നന്മക്കായി നമ്മുടെ കുറച്ച് ദിനങ്ങള്‍ നമ്മുക്ക് മാറ്റി വയ്ക്കാം. അനാവശ്യ യാത്രകളും ആശുപത്രി സന്ദര്‍ശനവും, കൂട്ടം കൂടുന്ന സാഹചര്യവും നാം നിര്‍ബന്ധമായും ഒഴിവാക്കിയെ പറ്റൂ.

പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടനടി വിവരം അറിയിക്കുക.സ്വയം ചികിത്സ ഈ അവസരത്തില്‍ നടത്താതിരിക്കുക. വിദേശനാടുകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി തീര്‍ച്ചയായും ബന്ധപ്പെടണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വയം സുരക്ഷിതനാവുന്നതോടൊപ്പം തന്നെ സഹജീവികളുടെ സുരക്ഷയെ കുറിച്ചും കൂടുതല്‍ ബോധവാനാകണം.

ഈ മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക രംഗം പാടെ തകര്‍ന്നിരിക്കുകയാണ്.ജോലി നഷ്ടമായി പ്രയാസം അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇവരില്‍ മഹാഭൂരിപക്ഷവും പട്ടിണി പാവങ്ങളായ സാധാരണക്കാരാണ്. കൂലിവേലക്കാരായ ഇവരുടെ നിത്യനിദാന ചെലവുകള്‍ താളം തെറ്റി. ഇവരുടെ കരുതലിനായി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രത്യേകം ശ്രദ്ധ നല്‍കണം.
സ്വന്തം വാര്‍ഡില്‍ കോവിഡ് 19 രോഗം വരാതിരിക്കാന്‍ ശ്രമിക്കുന്നതാകട്ടെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ലക്ഷ്യം.രോഗപ്രതിരോധ മാര്‍ഗങ്ങളില്‍ വിഴ്ചവരുത്താത്തവരാണ് ധീരരായ പോരാളികള്‍. നമുക്കും ഒരു മികച്ച പോരാളിയാകാം. കോവിഡിനെതിരെ യുദ്ധം ചെയ്യാം.കോവിഡെന്ന മാഹാമാരിക്കെതിരെ എല്ലാം മറന്നുകൊണ്ട് നാം നടത്തുന്ന ഈ യുദ്ധത്തില്‍ നാം വിജയിക്കുക തന്നെ ചെയ്യും. കോവിഡിനെ നാം മറികടക്കും.തീര്‍ച്ച.