കോവിഡ്: കോഴിക്കോട് 4967 പേര്‍ നിരീക്ഷണത്തില്‍; പ്രതിരോധപ്രവർത്തനങ്ങൾക്കായി സ്ക്വാഡുകള്‍ രംഗത്ത്

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജില്ലയില്‍ പുതുതായി 809 പേര്‍ ഉള്‍പ്പെടെ ആകെ 4967 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് പേരും ബീച്ച് ആശുപത്രിയില്‍ ആറുപേരും ഉള്‍പ്പെടെ ആകെ എട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ 1668 സ്ക്വാഡുകള്‍ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആറു പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലുപേരെയും ഉള്‍പ്പെടെ പത്ത് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറ് സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്. ആകെ 116 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 108 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചു. ഇവ നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

അതേസമയം 1668 സ്‌ക്വാഡുകൾ കൂടാതെ പൊലീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടുന്ന 202 സ്ക്വാഡുകള്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കായി ഈ ടീമിനെ ഉപയോഗപ്പെടുത്തും. മാഹിയിലെ കൊറോണ രോഗി സന്ദര്‍ശിച്ച വടകര അടക്കാതെരു കോഫി ഹൗസിലുണ്ടായിരുന്ന 18 പേർ ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.

Comments (0)
Add Comment