കൊറോണ ജാഗ്രതയില്‍ കേരളം ; കല്യാണം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം

Jaihind News Bureau
Tuesday, March 10, 2020

കൊറോണ ജാഗ്രതയിൽ സംസ്ഥാനം. കോവിഡ് 19 ബാധിച്ച മൂന്നുവയസുകാരന്‍റെ മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്കൊന്നും മാറ്റമില്ല.

കൊച്ചിയിലെ മൂന്ന് വയസുകാരന് ഇന്നലെ ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു അതിന്‍റെ ഫലമാണ് ഇന്ന് ലഭിക്കുക. അതേസമയം പത്തനംതിട്ടയിൽ ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടുവയസുകാരിയെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

അതേസമയം നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ റാന്നിയിലെ വീട്ടിൽ നിന്ന് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ടയിൽ കോവിഡ് 19 ബാധിച്ച അഞ്ച് പേരുമായി അടുത്തിടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 13 പേർക്ക് കൂടി രോഗലക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പത്തനംതിട്ടയിൽ നിന്നുള്ള 5 പേരും, കോട്ടയത്തു നിന്നുള്ള 3 പേരും, കൊല്ലത്തു നിന്നുള്ള 5 പേരും ഇപ്പോൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

അതേസമയം കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്നും, രോഗബാധിതരുമായി ഇടപഴകിയവർ തുറന്നു പറയണമെന്നും, കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ സമയ കോൾ സെന്‍ററുകളും പ്രവർത്തിക്കുന്നണ്ട്.