തൃശൂര്‍ മെഡി.കോളേജില്‍ കൊവിഡ് പടരുന്നു ; 81 പേര്‍ക്ക് രോഗം, 44 പേർ കിടപ്പ് രോഗികള്‍

Jaihind Webdesk
Saturday, July 24, 2021

തൃശൂര്‍  : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം രൂക്ഷം. 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പോസിറ്റീവായി. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വാർഡുകളിലേക്കും ആളുകളുടെ തിരക്കാണ്. ഇത് നിയന്ത്രിക്കനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി റിപ്പോർ‍ട്ടിൽ പറയുന്നു. മാസ്ക് ഉപയോഗത്തിലടക്കം വീഴ്ചയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആഴ്ചകൾക്ക് മുമ്പ് 53 മെഡിക്കൽ വിദ്യാർഥികൾക്ക് രോഗം പടർന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി, സൂപ്രണ്ടിന് കൈമാറി.