എല്ലാ കള്ളന്‍മാരിലും മോദിയുണ്ട്: കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം

Jaihind Webdesk
Saturday, July 6, 2019

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പട്‌ന കോടതി ജാമ്യം അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ‘എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട്’ എന്ന പരാമര്‍ശത്തിനെതിരെയാണ് സുശീല്‍കുമാര്‍ മോദി കേസ് കൊടുത്തത്. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. റഫേല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയുടെ പങ്കിന്റെ കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസ്താവന നടത്തിയത്. കേസ് പരിഗണിച്ച പട്ന ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെയോടെ പട്നയിലെത്തിയ രാഹുല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോടതിയില്‍ ഹാജരായത്. തനിക്കെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും മനപൂര്‍വം കെട്ടിച്ചമക്കുന്ന കേസുകളാണ് ഇതെല്ലാമെന്ന് രാഹുല്‍ പ്രതികരിച്ചു. ആര്‍.എസ്.എസിന്റേയും നരേന്ദ്ര മോദിയുടേയും ആശയത്തിന് എതിരെ നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടും. കേസുകള്‍ ചുമത്തപ്പെടും. എന്റെ പോരാട്ടം ഭരണഘടന സംരക്ഷിക്കാനാണ്. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം നില്‍ക്കുകയെന്നതാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.