വിതുരയില്‍ ഡിവൈഎഫ്ഐക്കെതിരെ ഗുരുതര അഴിമതി ആരോപണം: ആംബുലന്‍സിനായി പിരിച്ചത് ലക്ഷങ്ങള്‍; ഫണ്ടില്‍ വന്‍ ക്രമക്കേട്

Jaihind Webdesk
Wednesday, February 22, 2023

തിരുവനന്തപുരം: വിതുരയില്‍ ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് ഫണ്ട്‌ പിരിവിൽ വ്യാപക തട്ടിപ്പ് നടന്നതായി ആരോപണം. ഇതിനായി ഡിവൈഎഫ്ഐ വിതുര മേഖല കമ്മിറ്റി വ്യാപക ഫണ്ട്‌ പിരിവ് നടത്തിയെങ്കിലും ആംബുലൻസ് വാങ്ങാതെ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഡിവൈഎഫ്ഐയിൽ തന്നെ സാമ്പത്തിക തട്ടിപ്പ് വലിയ വിവാദമുയർത്തുകയാണ്.

തിരുവനന്തപുരം വിതുരയില്‍ ഡിവൈഎഫ്ഐ ആംബുലന്‍സ് വാങ്ങുന്നതിനായി ഒരു വർഷം മുമ്പാണ് ഫണ്ട്‌ പിരിവ് തുടങ്ങിയത്. ഡിവൈഎഫ്ഐ വിതുര മേഖല കമ്മിറ്റി വ്യാപക ഫണ്ട്‌ പിരിവാണ് ആംബുലൻസ് വാങ്ങുന്നതിനായി നടത്തിയത്. രണ്ട് തവണ ബിരിയാണി ചലഞ്ച് നടത്തിയും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റഴിച്ചും ന്യൂസ്‌ പേപ്പർ ചലഞ്ച് നടത്തിയും യൂണിറ്റുകളിൽ ബോക്സുകൾ വെച്ചുമാണ് പണം ശേഖരണം നടത്തിയത്. കൂടാതെ വിതുര പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കമ്പനികള്‍, റിസോർട്ടുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യാപകമായ പണപ്പിരിവും നടത്തിയിരുന്നു. കൃത്യമായ കണക്ക് രേഖപ്പെടുത്താതെയും പിരിച്ച ഫണ്ടിന്‍റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെയും ഇത്തരത്തിൽ ലക്ഷങ്ങൾ സമാഹരിച്ചിട്ടും ആംബുലൻസ് വാങ്ങാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. ആംബുലൻസിനുള്ള അഡ്വാൻസ് തുക നൽകിയെന്ന് പ്രചരിപ്പിച്ച് മാസങ്ങളായി ഫണ്ട് പിരിവ് തുടരുകയാണ്. ഇതോടെയാണ് സംഘടനയ്ക്കുള്ളിലും പുറത്തും ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വ്യാപക ആക്ഷേപങ്ങൾ ഉയർന്നത്.

ഡിവൈഎഫ്ഐയുടെ സംഘടനാ കമ്മറ്റികളിൽ ഇതു സംബന്ധിച്ച തർക്കങ്ങളും ചേരിപ്പോരും ആരംഭിച്ചതോടെ ക്യത്യമായ കണക്കില്ലാതെ ലക്ഷങ്ങൾ പിരിച്ച് വൻ തിരിമറി മേഖലാ കമ്മിറ്റി ഭാരവാഹികൾ നടത്തിയതായി ഉപരി കമ്മിറ്റികൾ കണ്ടെത്തി.
ചുമതലയുള്ള നേതാക്കൾ വ്യക്തിപരമായി ബന്ധമുള്ള ആളുകളിൽ നിന്നും ആംബുലൻസിന്‍റെ പേരിൽ വൻ തുകകൾ പിരിക്കുകയും അത്‌ കണക്കിൽ ഉൾപ്പെടുത്താതെ തട്ടിയെടുത്തതായിട്ടുമാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റ് രീതിയിൽ സമാഹരിച്ച തുകയുടെ പകുതി പോലും കണക്കിൽപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയരുകയാണ്. ഡിവൈഎഫ്ഐയുടെ ആംബുലൻസ് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.: