ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ കോര്‍പറേറ്റ് സ്ഥാപനത്തിന്‍റെ ഗൂഢാലോചന; അനുകൂല വിധി നേടാനുള്ള സമ്മര്‍ദ്ദതന്ത്രമെന്ന് റിപ്പോര്‍ട്ട്

Jaihind Webdesk
Tuesday, June 4, 2019

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് ജസ്റ്റിസ് പട്നായിക് സമിതി കണ്ടെത്തിയതായി റിപ്പോർട്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ രാജ്യത്തെ ഒരു ഉന്നത കോര്‍പറേറ്റ് സ്ഥാപനം ആണെന്നും കണ്ടെത്തിയതായി ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റിസിനെ പരാതിയില്‍ കുടുക്കി സുപ്രീം കോടതിയിലെ ചില കേസുകളില്‍ തങ്ങള്‍ക്ക് അനുകൂല നിലപാട് നേടിയെടുക്കാനുള്ള കോർപറേറ്റ് സ്ഥാപനത്തിന്‍റെ നീക്കമായിരുന്നു ഇതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.കെ പട്‌നായിക് സമിതി അടുത്ത മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ സി.ബി.ഐ, ഐ.ബി ,ദില്ലി പൊലീസ് എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് പട്നായിക് സമിതി ശുപാര്‍ശ ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

2018 ഒക്ടോബര്‍ 10ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ആഭ്യന്തരസമിതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ആരോപിച്ച് തുടര്‍ന്നുള്ള സിറ്റിംഗില്‍ നിന്ന് പരാതിക്കാരി വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി എ.കെ പട്നായിക് സമിതിയെ നിയമിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനമാണെന്നതിനുമുള്ള തെളിവുകള്‍ സമിതിക്ക് ലഭിച്ചതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.