മോദി സര്‍ക്കാരിന്റെ ഈ നീക്കവും പരാജയപ്പെടും; കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയ തീരുമാനം കൊണ്ട് സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

Jaihind Webdesk
Saturday, September 21, 2019

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിലൂടെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സാധ്യത കുറവാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത്. കോര്‍പ്പറ്റേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചതിലൂടെ 1.45 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിനു വരുമാനത്തില്‍ നഷ്ടം വരികയെന്ന കണക്ക് നേരത്തേ പുറത്തുവന്നിരുന്നു. നികുതി വര്‍ധിപ്പിച്ചാല്‍ മാത്രമേ മാന്ദ്യം മറികടക്കാനാവൂ എന്നും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള നികുതിയിളവിലൂടെ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതു ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷവും പരോക്ഷവുമായ നികുതി വരുമാനം കൂടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഞ്ചു ശതമാനം ജി.ഡി.പിയെന്നത് ഒരു പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 6.5 ശതമാനത്തിലേക്ക് ഈ വര്‍ഷം ജി.ഡി.പി എത്തുമെന്നും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിശീര്‍ഷ വരുമാനം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. ഇത്തരത്തില്‍ അഞ്ച് പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ ഉണ്ടായിരിക്കുന്ന സര്‍ചാര്‍ജില്‍ ഇളവ് വരുത്തും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഇന്‍ക്യൂബേറ്ററുകളില്‍ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കും എന്നുള്ളതാണ് മറ്റൊരു പ്രഖ്യാപനം. ഇത്തരത്തിലുള്ള നികുതി ഇളവിലൂടെ കേന്ദ്രസര്‍ക്കാരിനുള്ള വരുമാനത്തില്‍ 1,45,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.