കൊറോണ വൈറസ് : സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത് 135 പേര്‍

Jaihind News Bureau
Friday, February 28, 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇനി 135 പേർ കൂടി നിരീക്ഷണത്തിൽ. 16 പേരെ വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. 135 പേർ പേരിൽ 128 പേർ വീടുകളിലും 7 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീട്ടിലെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 16 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് 19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ 462 സാമ്പിളുകൾ എൻ.ഐ.വിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 451 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ് ലാന്‍ഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചു.

റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നും രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.