കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് കടന്നാൽ വൻ ദുരന്തമായിരിക്കും ഫലമെന്ന് വ്യക്തമാക്കുന്നതാണ് അടിയന്തരാവസ്ഥ. അതേസമയം 170ഓളം പേർ കൊറോണയെ തുടർന്ന് മരിച്ചെന്നും 8100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുൻപു തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ചൈന മാത്രം ആശങ്കപ്പെട്ടാൽ മതിയെന്ന നിലപാടിലായിരുന്നു ഡബ്ല്യുഎച്ച്ഒ. ചൈനീസ് സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ മാരകമായി ബാധിക്കുന്നതാണ് പ്രഖ്യാപനം.
ചൈനയിൽ നിന്നു വന്നല്ലാതെ പ്രാദേശികതലത്തിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം യുഎസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു ഡബ്ല്യുഎച്ച്ഒയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം.
ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. ഇന്ത്യയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ചൈനയിൽ ഇതുവരെ വൈറസ് ബാധയുണ്ടാകാതിരുന്ന ടിബറ്റിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയെ സാരമായി ബാധിച്ച വൈറസ് ബാധ ആഗോള ഓഹരി വിപണിയിലും ഇടിവുണ്ടാക്കി.