ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കില്ലും, യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും വൈറസ് പടരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. 50ഓളം രാജ്യങ്ങളിലായി പടർന്നുപിടിച്ച കൊറോണയിൽ ഇതുവരെ 2,800 ലേറെ പേർ മരണപ്പെട്ടു. 82,000 ത്തോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ, ദക്ഷിണകൊറിയൻ പൗരന്മാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏർപ്പെടുത്തി.
ചൈനയിൽ 411 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ലോക രാജ്യങ്ങളിൽ 427 പേർക്ക് വൈറസ് ബാധിച്ചു. ഇറാനിലും ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതൽ മരണവും വൈറസ് ബാധയും റിപ്പോർട്ട് ചെയുന്നത്. ഇറാനിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവർക്കാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് പിടിപെട്ടത്. മരണം ഉണ്ടായിട്ടില്ലെങ്കിലും രോഗബാധിതരുടെ എണ്ണം ഗൾഫ് മേഖലകളിൽ വർദ്ധിക്കുകയാണ്. ദക്ഷിണകൊറിയയിൽ ഇതുവരെ 2,022 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്.
ജപ്പാനിൽ ഇതുവരെ 186 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നൈജീരിയയിലും നെതർലൻഡിലും പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പ്രധാനമന്ത്രി മാർക്ക് റൂട്ട് അറിയിച്ചു. കൊറോണയെ പ്രതിരോധിക്കാൻ എല്ലാ ശ്രമങ്ങളും നടപടികളുടെ സ്വീകരിച്ച് വരികയാണെന്ന് മാർക്ക് റൂട്ട് അറിയിച്ചു. വൈറസ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ലാറ്റിൻ അമേരിക്കയിലും പാകിസ്ഥാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ, ദക്ഷിണകൊറിയൻ പൗരന്മാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏർപ്പെടുത്തി. വിസ ഓൺ അറൈവൽ സേവനത്തിനാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ആഭ്യന്ത്ര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഭാഗികമായി വിലക്ക് ഏർപ്പെടുത്തിയത്.
ചൈനയെക്കാൾ ഗുരുതരമായ സ്ഥിതി ഇപ്പോൾ മറ്റു രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചൈനയ്ക്ക് പുറത്ത് വൈറസ് വ്യാപനം വർദ്ധിച്ചതോടെ രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.