കൊറോണ ആശങ്ക : യുഎഇയില്‍ മൂന്ന് മാസത്തേയ്ക്ക് പൊതുജനം കൂടുന്ന വന്‍പരിപാടികള്‍ മാറ്റിവെച്ചേയ്ക്കും; സൂചനയുള്ളത് മാര്‍ച്ച്, ഏപ്രില്‍, മെയ് ഇവന്‍റുകള്‍

Jaihind News Bureau
Thursday, March 5, 2020

അബുദാബി : കൊറോണ വൈറസ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേയ്ക്ക് യുഎഇയില്‍ പൊതുജനം കൂടുന്ന പരിപാടികള്‍ മാറ്റിവെച്ചേയ്ക്കുമെന്ന് സൂചന. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബി ആരോഗ്യ വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്രകാരം, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഇവന്‍റുകള്‍ മാറ്റിവെയ്ക്കുമെന്നും സൂചനകളുണ്ട്.

കോവിഡ് -19 കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായാണ്, മാര്‍ച്ച്, ഏപ്രില്‍, മെയ് എന്ന മൂന്ന് മാസങ്ങളിലേക്ക് തീരുമാനിച്ച പൊതു പരിപാടികള്‍ ഉപേക്ഷിക്കാനുള്ള നീക്കം. നിലവില്‍, മാര്‍ച്ച് ആദ്യ രണ്ടാഴ്ചയിലെ പ്രധാന പൊതു പരിപാടികള്‍ റദ്ദാക്കിയതിന് പുറമേയാണ് ഇത്.  ഇതുസംബന്ധിച്ച് എല്ലാവരും സഹകരിക്കണമെന്നും പൊതുജനങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ റദ്ദാക്കണമെന്നും അബുദാബി ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്രകാരം, പൊതുജന നേട്ടത്തിന് മുന്‍ഗണന നല്‍കി, പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍, മതിയായ നടപടികള്‍ ഉറപ്പാക്കാനും വേണ്ടിയാണ് , ഈ ശ്രമം എന്നും സര്‍ക്കുലറില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും കണ്ടെത്തിയ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം. കോവിഡ് -19 ന്‍റെ അപകട സാധ്യതകളെ കുറിച്ച്, ലോകാരോഗ്യ സംഘടന നടത്തിയ പുതിയ വിലയിരുത്തലിന്‍റെ ഗൗരവവും കൂടി കണക്കിലെടുത്താണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, നിരവധി രാജ്യാന്തര പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്.