വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിലും സർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടൽ വിവാദത്തിൽ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിലും സർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടൽ. വയനാട് കളക്ട്രേറ്റിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ഒഴിവാക്കിയത് വിവാദത്തിൽ. കൽപ്പറ്റ എംഎൽഎ സി.കെ.ശശീന്ദ്രന്‍റെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയതെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്തെത്തി.

രാഹുൽ ഗാന്ധി പങ്കെടുത്ത കലക്ട്രേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ അതോറിറ്റി ഉപാദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാൻ കളക്ടർ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്താൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ഉണ്ടെന്ന് കളക്ടർ അദീല അബ്ദുള്ള അറിയിച്ചത്. കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് മാറ്റി നിർത്തിയതെന്ന് കെ.ബി നസീമ ആരോപിച്ചു.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി. കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. നേരത്തെ കൽപ്പറ്റയിൽ കേന്ദ്ര സഹായത്തോടെ നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിന്‍റെ ഓൺലൈൻ ഉദ്ഘാടനത്തിന് കളക്ടർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ആഘോഷമാക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് കഴിഞ്ഞ ദിവസം പ്രസ്താവനയും ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യോഗത്തിൽ നിന്ന് നസീമയെ മാറ്റി നിർത്തിയത് എന്നതും ശ്രദ്ധേയമാണ്.

https://youtu.be/zUFdi6kGHOM

Comments (0)
Add Comment