പട്ടികജാതി പട്ടികവര്‍ഗ്ഗ സിനിമ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അടൂര്‍ സിനിമാ രംഗത്തെ വലിയ ആളാണ്. ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡൊക്കെ കിട്ടിയ അദ്ദേഹം പ്രസംഗിക്കുമ്പേള്‍, ആ സ്ത്രീ ആരായാലും പ്രസംഗം തടസ്സപ്പെടുത്തുന്നത് മര്യാദകേടാണ്. അവര്‍ കാണിച്ചത് ആളാകാനുള്ള വേലയാണ്. മലയാളികള്‍ ഇപ്പോഴും ലൈംഗിക ദാരിദ്ര്യം ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ സിനിമാ നയത്തില്‍ വലിയ സ്വപ്നം കാണേണ്ടെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. ക.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
ഇതിനായി ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.