വിവാദ ജപ്തി നടപടി; മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ രാജിവെച്ചു

Jaihind Webdesk
Wednesday, April 6, 2022

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ജപ്തി നടപടികൾ നടത്തിയതിനെ തുടർന്ന് വിവാദത്തിലായ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ രാജിവെച്ചു. ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ ആണ് രാജിവെച്ചത്.

മൂവാറ്റുപുഴ സ്വദേശി അജേഷിന്‍റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റര്‍ വ്യക്തമാക്കി.

ജപ്തി നടപടിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുകയും ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. താഴിട്ട് പൂട്ടാൻ നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി എന്നും വി.എൻ വാസവൻ കണ്ണൂരിൽ പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

പട്ടികജാതിക്കാരനായ ഗൃഹനാഥൻ അജേഷ് ഹൃദ്രോഗത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവയാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് ബാങ്ക് ജപ്തി നടത്തിയത്. തുടർന്ന് മാത്യു കുഴൽ നാടൻ എംഎൽഎ ഇടപെട്ട് വീടിന്‍റെ പൂട്ട് പൊളിച്ച് പെൺകുട്ടികളെ വീട്ടിനകത്ത് കയറ്റുകയായിരുന്നു. അജേഷിന്‍റെ കടബാധ്യത അടച്ച് തീർക്കുമെന്നും മാത്യു കുഴൽ നാടൻ എംഎൽഎ അറിയിച്ചിരുന്നു.