സംസ്ഥാനത്തെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ

Jaihind News Bureau
Friday, November 22, 2019

സംസ്ഥാനത്തെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും അശാസ്ത്രീയമായ നികുതി വർധനയും നിർമാണ മേഖലയെ നിശ്ചലമാക്കി. നിർമാണ മേഖലയിലെ അനുബന്ധ മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് സംസ്ഥാനത്തെ നിർമാണ മേഖലയുടെ പ്രവർത്തനം നാലിലൊന്നായി ചുരുങ്ങി. അസംസ്‌കൃത വസ്തുക്കളിൽ ഉണ്ടായ ക്രമാതീതമായ വില വർദ്ധനവ് ആവശ്യക്കാരെ മാത്രമല്ല കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. വില്പന പകുതിയായി കുറഞ്ഞു. ജിഎസ്ടി യും സെസും ഉൾപ്പെടെ നികുതി ഭാരം കൂടിയപ്പോൾ ഉടമസ്ഥരും കടകൾ ഒന്നൊന്നായി അടച്ചു തുടങ്ങി.

അശാസ്ത്രീയമായ നികുതി വര്‍ധനവിനെതിരെ സംഘടന തലത്തിൽ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. സർക്കാർ നയങ്ങളിൽ മാറ്റം വരണം. സാധാരണക്കാരായ കച്ചവടക്കാർക്ക് അനുകൂലമായ തീരുമാനം സർക്കാർ സ്വീകരിക്കണം. അല്ലാത്ത പക്ഷം ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാവും.