അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന; പിണറായി വിജയന്‍ അസഹിഷ്ണുതയുടെ മൂർത്തിയായി മാറി: കെ.സി വേണുഗോപാല്‍ എംപി

Tuesday, July 19, 2022

ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍റെ അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും അസഹിഷ്ണുതയുടെ മൂർത്തിയായി പിണറായി വിജയൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശബരീനാഥന്‍റെ കാര്യത്തിൽ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടുപോകും. പ്രതിഷേധിക്കാനുള്ള അവസരത്തെ തെറ്റായി വ്യാഖ്യാനിച്ച് കേസെടുക്കുകയാണ് ചെയ്യുന്നത്. സർക്കാർ വളഞ്ഞ വഴി സ്വീകരിക്കുന്നു. അറസ്റ്റ് പോലെയുളള കാര്യങ്ങള്‍ സുതാര്യമായ മാർഗങ്ങളിലൂടെ വേണം. മോദിയുടെ ഏകാധിപത്യത്തിന്‍റെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നത്. മോദിയും പിണറായിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളായി പ്രവർത്തിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഫാസിസം കൊണ്ടും ഏകാധിപത്യം കൊണ്ടും പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ പിണറായി വിജയന് തെറ്റിയെന്നും വർധിത വീര്യത്തോടെ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.