കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ; മോദി സർക്കാർ കർഷകനെ ഉപദ്രവിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, November 30, 2020

 

ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കർഷക വിരുദ്ധ നിയമം നടപ്പാക്കിയ മോദി സർക്കാർ കർഷക ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കും എന്ന കാര്യം മറന്നു എന്ന് രാഹുൽ ഗാന്ധി. കർഷക നിയമം എന്നാൽ ശതകോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക് എല്ലാ ആനുകൂല്യങ്ങളും എന്നാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കാർഷിക നിയമങ്ങളിൽ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്പീക്ക് ആപ് ഫോർ ഫാർമേഴ്‌സ് ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മോദി സർക്കാർ കർഷകനെ ഉപദ്രവിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകർക്ക് എതിരായ കരി നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കി. പക്ഷേ കർഷകർ ശബ്ദം ഉയർത്തുമ്പോൾ ആ ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കും എന്ന കാര്യം നരേന്ദ്ര മോദി മറന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കർഷക നിയമം എന്നാൽ ശതകോടീശ്വരൻമാരായ സുഹൃത്തുകൾക്ക് എല്ലാ ആനുകൂല്യങ്ങളും എന്നാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു. കർഷകരുമായി സംസാരിക്കാതെ കർഷക നിയമങ്ങൾ എങ്ങനെ നിർമ്മിക്കും എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കൃഷിക്കാരുടെ താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. സർക്കാർ കർഷകരെ ശ്രദ്ധിക്കേണ്ടതുണ്ട്. കർഷകരെ പിന്തുണച്ച് ഒരുമിച്ച് ശബ്ദമുയർത്തനമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.