പ്രളയസെസിന്‍റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

Jaihind Webdesk
Tuesday, May 28, 2019

Mullappally-Ramachandran-18

ശബരിമല വിഷയത്തിനു പുറമേ ഓഖി പുനരധിവാസ പ്രവർത്തനങ്ങളിലെയും പ്രളയ പുനരുദ്ധാരണത്തിലെ വീഴ്ച്ചയും തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭാ തെരെഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് വിജയമൊരുക്കിയ കേരള ജനതയെ അഭിനന്ദിച്ച അദ്ദേഹം ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയ കാരണം അന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിക്കുമെന്നും അറിയിച്ചു.

രാഷ്ട്രീയ പശ്ചാത്തലം യോഗം വിലയിരുത്തിയെന്നും സമഗ്ര ചർച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് 77 ന് ശേഷമുണ്ടായ വന്‍ വിജയം സമ്മാനിച്ച ജനങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. എഐസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന പ്രമേയവും യോഗം പാസാക്കി. രാഹുലിന്‍റെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്നും ജയിച്ച എം.പിമാർക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയ സെസ് ചുമത്താനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. ജനങ്ങളോടുള്ള ക്രൂരതയാണ്. സർക്കാരിന്‍റെ പിടിപ്പുകേടു മൂലമുണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രളയ സെസിന്‍റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വ്യാഴാഴ്ച താലൂക്ക് ആസ്ഥാനങ്ങളിൽ കൂട്ടധർണ്ണ നടത്തും.

പ്രളയവും ഓഖിയും ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ശബരിമലയിൽ റിവ്യൂ പെറ്റീഷൻ വേണമെന്ന് കോൺഗ്രസാണ് ആവശ്യപ്പെട്ടത്. രണ്ട് തവണ ലോക്സഭ ചേർന്നിട്ടും നിയമനിർമ്മാണ കാര്യത്തിൽ ആർഎസ്എസും ബിജെപിയും ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മണ്ഡലത്തിലെ പരാജയ കാരണം അന്വേഷിക്കാൻ കമ്മറ്റിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ജയിച്ച ആരിഫ് അരൂരിൽ പിന്നിലായതിനെപ്പറ്റി സി.പി.എമ്മിന് എന്താണ് പറയാനുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

അബ്ദുള്ളക്കുട്ടിയുടെ പരാമർശത്തിനെതിരെ കണ്ണൂർ ഡിസിസി പരാതി നൽകിയിട്ടുണ്ടെന്നും ഈ പരാതി അന്വേഷിക്കാനും കമ്മറ്റിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ ജയരാജന്‍റെ സ്ഥാനാർത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും ജനം മറുപടി നൽകി. വിജയത്തെ തികഞ്ഞ വിനയത്തോടെ കാണുന്നുവെന്നും ഇനിയും ജനവിശ്വാസം ആർജ്ജിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ധാർമിക പിന്തുണ നഷ്ടമായി സംസ്ഥാനത്ത് 2004 ലേതിന് സമാനമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

2019 ൽ 15.5 ശതമാനം വോട്ട് മാത്രമാണ് എൻഡിഎക്ക് കിട്ടിയത്.  തീവ്രഹിന്ദു ദേശീയതയെ കേരളം അംഗീകരിക്കില്ല.   മതേതര ജനാധിപത്യ കക്ഷികൾ ഉഴുതുമറിച്ച മണ്ണിൽ ബിജെപിക്കും സംഘപരിവാറിനും വളക്കൂറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ശബരിമലയുടെ മണ്ണിൽ ബിജെപി മൂന്നാം സ്ഥാനത്താണ്.   ഇത് എങ്ങനെയെന്ന് അന്വേഷിക്കാൻ ബിജെപി തയ്യാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.   ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണമെന്ന യുഡിഎഫ് തീരുമാനത്തെ കെ.പി.സി.സി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.