കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവർപ്പിക്കും

Jaihind News Bureau
Wednesday, June 24, 2020

 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നിലപാടുകൾക്കെതിരെയും അതിർത്തി സംഘർഷത്തില്‍ സ്വീകരിക്കുന്ന ഒളിച്ചുകളിക്കെതിരെയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ചൈനയുമായുള്ള സംഘർഷത്തിൽ വീരചരമം വരിച്ച ജവാന്മാർക്ക് ആദരവ് അർപ്പിക്കാനായി രാജ്യവ്യാപകമായി ജൂൺ 26 ന് യോഗങ്ങൾ സംഘടിപ്പിക്കും. രാജ്യത്ത് അനിയന്ത്രിതമായി കുതിച്ച് കയറുന്ന ഇന്ധനവിലക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവ് അർപ്പിക്കാൻ ജൂണ്‍ 26ന് രാജ്യവ്യാപകമായി യോഗങ്ങൾ നടത്തും. രാവിലെ 11 മണി മുതല്‍ ‘ഷഹീദോം കാ സലാം ദിവാസ്’ എന്ന പേരിലാണ് പരിപാടി. വീരചരമം പ്രാപിച്ച ജവാന്മാരോടുള്ള ആദരസൂചകമായി വിളക്കുകളും മെഴുകുതിരികളും തെളിച്ച് ദേശീയപതാകയുമേന്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ അണിനിരക്കും.

കൊവിഡ് ദുരിതത്തിനിടെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി പെട്രോൾ-ഡീസൽ വില കുത്തനെ കൂട്ടുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജൂണ്‍ 29ന് അതത് ജില്ലാകേന്ദ്രങ്ങളില്‍ രണ്ട് മണിക്കൂര്‍ ധര്‍ണ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കൊടുവില്‍  ഇന്ധന വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികാരികൾ വഴി രാഷ്ട്രപതിക്ക് പാർട്ടി ജനപ്രതിനിധികളും, നേതാക്കളും, പ്രവർത്തകരും മെമ്മോറാണ്ടം സമർപ്പിക്കും.

ജൂൺ 30 മുതൽ ജൂലൈ 4 വരെയുള്ള ആഴ്ചയിൽ താലൂക്, ബ്ലോക്ക് തലങ്ങളിൽ വ്യാപക പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപക കാമ്പയിനും സംഘടിപ്പിക്കും. കൊവിഡ്-19 മാനദണ്ഡങ്ങള്‍‍ പൂർണമായും പാലിച്ചായിരിക്കും സമരപരിപാടികളെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.