കത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം

Jaihind Webdesk
Tuesday, November 8, 2022

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്നു. മേയർക്കെതിരെ നഗരസഭയ്ക്ക് അകത്തും പ്രതിഷേധം നടന്നു.

നഗരസഭയ്ക്ക് കീഴിലെ താൽക്കാലിക ഒഴിവുകളിലേക്ക്പാര്‍ട്ടി പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് അയച്ചത് പുറത്തായതിന് പിന്നാലെ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. മേയരുടെ രാജി ആവശ്യപ്പെട്ട് ഇന്നും നഗരസഭയിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. കോൺഗ്രസ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ മേയറുടെ നേതൃത്വത്തിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നഗരസഭയിൽ നടന്ന നിയമനങ്ങളിൽ അന്വേഷണം നടത്തുക, അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 15 മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. നഗരസഭയ്ക്കുള്ളിലും മേയർക്കെതിരെ പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ഓഫീസിനു മുന്നിൽ കൊടികെട്ടി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിൽ കോർപ്പറേഷനില്‍ എത്തിയ മേയർ പോലീസ് അകമ്പടിയോടെയാണ് ഓഫീസിലേക്ക് എത്തിയത്. അതിനിടെ നഗരസഭയിലേക്ക് എത്തുന്ന വഴിയിൽ മേയറെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. നിയമന കത്ത് വിവാദത്തിൽ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.