കോണ്‍ഗ്രസ് പലസ്തീന്‍ ജനതയ്ക്കൊപ്പം; നിസഹായരെ കൊന്നൊടുക്കുന്ന ക്രൂരത അവസാനിപ്പിക്കണം: സോണിയാ ഗാന്ധി

Jaihind Webdesk
Monday, October 30, 2023

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പലസ്തീന്‍ ജനതയ്ക്കൊപ്പമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഇക്കാര്യം ആവർത്തിച്ചത്. ഇസ്രയേല്‍-പലസ്തീന്‍ ആക്രമണത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയും പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യപിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന്‍റെ പിടിയില്‍പ്പെട്ട് ലോകം വിറങ്ങലിച്ചു നില്‍ക്കെയാണ് സോണിയാ ഗാന്ധിയുടെ ലേഖനം പ്രസക്തമാകുന്നത്.

2023 ഒക്ടോബര്‍ 7 ന്, യോം കിപ്പൂര്‍ യുദ്ധത്തിന്‍റെ 50-ാം വാര്‍ഷികത്തില്‍, ഹമാസ് ഇസ്രായേലിനെതിരെ ക്രൂരമായ ആക്രമണം നടത്തി, ആയിരത്തിലധികം ആളുകള്‍ മരണപ്പെട്ടു, മരണപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരും കുഞ്ഞുങ്ങളും. 200-ലധികം പേരെ തട്ടിക്കൊണ്ടുപോയി. മാന്യമായ ലോകത്ത് അക്രമത്തിന് സ്ഥാനമില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി വിശ്വസിക്കുന്നു. അടുത്ത ദിവസം തന്നെ ഹമാസിന്‍റെ ആക്രമണങ്ങളെ അസന്നിഗ്ദ്ധമായി കോണ്‍ഗ്രസ് അപലപിച്ചു. ഒപ്പം പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യപിക്കുകയും ചെയ്തു. എന്നാല്‍ ഗാസയിലും പരിസരങ്ങളിലും ഇസ്രായേല്‍ സൈന്യത്തിന്‍റെ വിവേചനരഹിതമായ ഓപ്പറേഷനുകള്‍ ഈ ദുരന്തത്തെ സങ്കീര്‍ണ്ണമാക്കുന്നു, ഇത് നിരപരാധികളായ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരുടെ മരണത്തിലേക്ക് നയിച്ചു. നിസഹായരായ ഒരു ജനസമൂഹത്തോട് പ്രതികാരം ചെയ്യുന്നതിലാണ് ഇസ്രായേല്‍ ഭരണകൂടം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സോണിയാ ഗാന്ധി ലേഖനത്തില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ആയുധപ്പുരയുടെ വിനാശകരമായ ശക്തി ഹമാസ് ആക്രമണത്തില്‍ ഒരു പങ്കും ഇല്ലാത്ത കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മേല്‍ അഴിച്ചുവിടുകയാണ്. സമാധാന ചര്‍ച്ചകള്‍ക്കായി വിവിധ രാഷ്ടതലവന്മാര്‍ മുന്‍കൈയെടുത്തങ്കിലും എല്ലാം വിഫലം. ഈ യുദ്ധത്തില്‍, ഇപ്പോള്‍ വിവരിക്കുന്നതുപോലെ, മുഴുവന്‍ കുടുംബങ്ങളും തുടച്ചുനീക്കപ്പെടുകയും സമീപപ്രദേശങ്ങള്‍ അവശിഷ്ടങ്ങളായി മാറുകയും ചെയ്തു. വലിയ മാനുഷിക പ്രതിസന്ധിയെ നേരിടാന്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് കഴിയുന്നില്ല. വെള്ളവും ഭക്ഷണവും വൈദ്യുതിയും നിഷേധിക്കുന്നത് പലസ്തീന്‍ ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് മതിയായ സഹായം പോലും എത്തിക്കാന്‍ സാധിക്കുന്നില്ല. ഈ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സോണിയാ ഗാന്ധി ലേഖനത്തില്‍ വ്യക്തമാക്കി. ജനസാന്ദ്രത കൂടുതലുള്ള ഒരു ചെറിയ പ്രദേശമായ ഗാസ ഇന്ന് കുരുതിക്കളമായി മാറിയിരിക്കുന്നു. ഭക്ഷണവും കുടിവെള്ളവുമാല്ലാതെ ജീവന് വേണ്ടി കേഴുന്നത് പതിനായിരങ്ങളാണ്.

ഭാവിയിലേക്കുള്ള പ്രതീക്ഷകള്‍ അപകടകരമാണ്. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂര്‍ണമായി നശിപ്പിക്കുകയും ജനവാസം ഇല്ലാതാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍റെ പ്രതികകരണം അപലപനീയമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പലസ്തീനികളെ ‘മനുഷ്യ മൃഗങ്ങള്‍’ എന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്. ഹോളോകോസ്റ്റിന്‍റെ ഇരകളായവരുടെ പിന്‍ഗാമികളില്‍ നിന്നാണ് ഈ മനുഷ്യത്വരഹിതമായ ഭാഷ എന്നത് ഞെട്ടിപ്പിക്കുന്നതെന്ന് സോണിയ പ്രതികരിച്ചു. ഹമാസിന്‍റെ നടപടികളെ പലസ്തീന്‍ ജനതയുമായി തുലനം ചെയ്യുന്നതില്‍ ഇസ്രായേല്‍ ഭരണകൂടം ഗുരുതരമായ പിഴവ് വരുത്തുകയാണ്. ഹമാസിനെ തകര്‍ക്കാന്‍ ഗാസയിലെ സാധാരണ ജനങ്ങള്‍ക്കെതിരെ മനുഷ്യത്വരഹിതമായ അക്രമം അഴിച്ചുവിട്ടു. പലസ്തീനികളുടെ കഷ്ടപ്പാടുകളുടെ നീണ്ട ചരിത്രം അവഗണിച്ചാലും ചുരുക്കം ചിലരുടെ പ്രവൃത്തികള്‍ക്ക് ഒരു ജനതയെ മുഴുവന്‍ ഉത്തരവാദിയാക്കാന്‍ എന്ത് യുക്തി കൊണ്ടാണ് കഴിയുകയെന്നും സോണിയാ ഗാന്ധി ചോദിച്ചു. പലസ്തീനികള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും ബാഹ്യശക്തികളുടേയും സാമ്രാജ്യത്വ ചരിത്രത്തില്‍ വേരൂന്നിയ ചില പ്രശ്നങ്ങളും ഒരുമിച്ചുള്ള ചര്‍ച്ചകളിലുടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് യുഎന്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. എന്നാല്‍ അത് കേവലം വാക്കുകളായി മാത്രം മാറുകയാണ്.

ഇസ്രായേല്‍-പലസ്തീന്‍ സാഹചര്യങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. ഭൂമിക്കും സ്വന്തം ഭരണകൂടത്തിനും അന്തസാര്‍ന്ന ജീവിതത്തിനുമുള്ള പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പ്രവര്‍ത്തക സമിതി പിന്തുണച്ചു. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച ആരംഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചുനിന്നേ മതിയാകൂ. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ചേ മതിയാവൂ.