കൊല്ലം : കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. കൊല്ലം ഡി.സി.സിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി. സംഭവത്തിന് ഉത്തരവാദിയായ പോലിസുകാരനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് സമരത്തിന് നേതൃത്വം നല്കിയ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ച് വിടുക, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കൊല്ലം ഡി.സി.സി കടയ്ക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സ്റ്റേഷന്റെ ഗേറ്റിന് സമീപം വെച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരേ പോലീസ് ബലം പ്രയോഗിച്ചു.
ദുർബല വകുപ്പുകളാണ് കുറ്റക്കാരനായ പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് എങ്ങും ഉയരുന്നത്.
കൊല്ലം കടയ്ക്കൽ കാഞ്ഞിരംമൂട്ടിലാണ് പോലീസിന്റെ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തിയത്. കടയ്ക്കല്‍ സ്റ്റേഷന് സി.പി.ഒ ചന്ദ്രമോഹനാണ് ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിച്ചുമറിയുകയും ബൈക്ക യാത്രികന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനായ സിദ്ധിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വളവിൽ നിന്നായിരുന്നു പോലീസിന്റെ വാഹനപരിശോധന. ഇത് സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ബൈക്കിന് മുന്നിലേക്ക് ചന്ദ്രമോഹൻ ചാടിയിറങ്ങിയെങ്കിലും നിർത്താൻ സാധിച്ചില്ല. തുടർന്ന് ചന്ദ്രമോഹൻ ലാത്തി എറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിൽ ഇടിച്ചുമറിയുകയും സിദ്ദിഖ് നടുറോഡിലേക്ക് വീഴുകയുമായിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശം ഉള്ളപ്പോഴാണ് പൊലീസിന്റെ ഈ കിരാത നടപടി. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ലെന്നും ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നും നിർദേശിക്കുന്ന ഡി.ജി.പിയുടെ സർക്കുലറും നിലവിലുണ്ട്.
പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സി.പി.ഒ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറാണ് നടപടിയെടുത്തത്. വാഹനപരിശോധനയുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പൊലീസിനെതിരെ വ്യാപക പരാതിയാണ് നിലനില്‍ക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നിലുള്ള കുത്തനെയുള്ള കയറ്റത്തിലും വളവുകളിലുമൊക്കെ ഒളിഞ്ഞുനിന്നുള്ള വാഹനപരിശോധനയാണ് കടയ്ക്കല്‍ പൊലീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ഹെല്‍മെറ്റ് വെക്കാതെ ബൈക്കില്‍ ഇരുന്നാല്‍ പോലും ലൈസന്‍സ് എടുത്തുകൊണ്ട് പോകാറുണ്ടെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി പിണറായി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.