പ്രവാസികള്‍ക്കായി മെഴുകുതിരി തെളിയിച്ച് കോണ്‍ഗ്രസിന്‍റെ ഐക്യദാര്‍ഢ്യം; നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു

Jaihind News Bureau
Wednesday, May 6, 2020

ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മെഴുകുതിരി തെളിയിച്ചു. ബൂത്ത് തലത്തില്‍ 25,000 കേന്ദ്രങ്ങളിലാണ് മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും ജഗതി ജംഗ്ഷനില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും  നേതൃത്വം നല്‍കി.

പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരികെ എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമില്ല. ഇവരെ വീടുകളിലേക്ക് മടക്കിയാല്‍ എന്താണ് അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ സാരോപദേശങ്ങളായി മാറുന്നതല്ലാതെ വിഷയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് ഒരു മാർഗരേഖയുമില്ല. വിഷയത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. സര്‍ക്കാരുകള്‍ തമ്മിൽ ഏകോപനം ഇല്ല. വിഷയത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നതിന് ഒരു മാർഗരേഖയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.  മലയാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഇവിടെ സർക്കാരില്ല. ഒരു തരത്തിലും ആളുകളെ കേരളത്തിലെത്തിക്കാൻ സർക്കാരിന് താത്പര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആവശ്യപ്പെടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. വിഷയത്തില്‍ സര്‍‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ എല്ലാ മേഖലയിലും പണം പിടിച്ചെടുക്കുമ്പോൾ വിദേശത്ത് നിന്നും വരുന്നവരുടെയെങ്കിലും യാത്രാ ഫീസ് സൗജന്യമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.  തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സർക്കാരിന്‍റേത്. ഇക്കാര്യത്തിൽ വ്യക്തമായ രൂപരേഖ കേന്ദ്ര സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.