സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശം അവസ്ഥയില്‍; ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ തെറ്റ്, ഇന്ത്യയ്ക്ക് വേണ്ടത് പുതിയ ധനമന്ത്രി : കോണ്‍ഗ്രസ്

Friday, August 23, 2019

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അവകാശവാദങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ഇന്ത്യക്ക് പുതിയ ധനമന്ത്രിയെയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി.

അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്നായിരുന്നു ധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ രംഗത്തെത്തിയത്.

‘ഇന്ത്യ പുതിയ ധനമന്ത്രിയെ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അമേരിക്കയെക്കാളും ചൈനയെക്കാളും കൂടുതലാണെന്നാണ് ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞത്. പക്ഷേ മാഡം, അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം 21 ലക്ഷം കോടിയും ചൈനയുടേത് 14.8 ലക്ഷം കോടിയുമാണ്.  ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും’ – സഞ്ജയ് ഝാ ട്വീറ്ററില്‍ കുറിച്ചു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യത്തില്‍ക്കൂടിയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പോകുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. നികുതി വരുമാനം കുറയുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നായിരുന്നു ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടത്. അതിഭീകരമായ സാമ്പത്തികമാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് സർക്കാരിന് ഒരു ധാരണയുമില്ലെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.