രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പാണ്; ഖദീജയ്ക്ക് വീടാകുന്നു; മൂന്നുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും

Jaihind Webdesk
Sunday, August 18, 2019

‘ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടും പുനര്‍നിര്‍മിക്കാം’ ചിപ്പിലിത്തോട് കൊല്ലങ്കണ്ടി ഖദീജയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് രാഹുല്‍ഗാന്ധി പറഞ്ഞ വാക്കുകളാണിത്. അത് യാഥാര്‍ത്ഥ്യമാകുകയാണ്. ഖദീജയ്ക്ക് നാല് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു നല്‍കാനാണ് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി തീരുമാനിച്ചത്. കൊണ്ടോട്ടി ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടേയും യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നെടിയിരുപ്പ് കമ്മറ്റിയുടേയും സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.അടിവാരം മുപ്പതേക്രയില്‍ 4 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച്ചകകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി അദ്ധ്യക്ഷന്‍ അബ്ദുള്‍ റഫീക് അറിയിച്ചു.

‘നാളെയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന് ഓരോരുര്‍ത്തര്‍ക്കും ഉറപ്പ് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. അങ്ങനെ രാഹുല്‍ഗാന്ധി പറഞ്ഞ ഓരോ വാക്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാവുകയാണ്. ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ പൊട്ടി കരയുന്ന ഖദീജയുടെ ചിത്രം കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ സംഘടനകളും വ്യക്തികളും ഖദീജക്ക് സഹായങ്ങളുമായി എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ചു പ്രവേശനം സാധ്യമാകണമെന്ന ആഗ്രഹത്തിലാണ് ഖദീജയും കുടുംബവും.