‘മെഹംഗായ് പർ ഹല്ലാ ബോൽ’: വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്‍റെ മഹാറാലി ഡല്‍ഹി രാംലീല മൈതാനിയില്‍

Jaihind Webdesk
Sunday, September 4, 2022

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്‍റെ മഹാറാലി ഡല്‍ഹി രാംലീല മൈതാനിയില്‍. നരേന്ദ്ര മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ വിലക്കയറ്റത്തിനെതിരെയുമാണ് ‘മെഹംഗായ് പർ ഹല്ലാ ബോൽ’ എന്ന മുദ്രാവാക്യത്തോടെ കോൺഗ്രസിന്‍റെ മഹാറാലി.

സാധാരണക്കാരുടെ ദുരിതം മനസിലാക്കാത്ത മോദി സര്‍ക്കാർ തുടർച്ചയായി ഇരുട്ടടികള്‍ സമ്മാനിക്കുകയാണ് ചെയ്യുന്നനത്. ഇതിനെതിരായ ശക്തമായ ജനരോഷമാകും റാലിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. മഹാറാലിക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ഓഗസ്റ്റ് 17 മുതൽ ഒരാഴ്ച വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, മാർക്കറ്റുകളിലും ‘മെഹംഗായ് പർ ഹല്ലാ ബോൽ’ പ്രചരണത്തിന്‍റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. മുഴുവൻ പിസിസികളും, ബ്ലോക്ക്, ജില്ലാ തലങ്ങളിലും വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ സമാപനമാണ് രാംലീല മൈതാനത്തെ റാലി. പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

കുതിച്ചുയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്നത് രാജ്യവ്യാപകമായി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഒന്നരലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാംലീല മൈതാനിയില്‍ മോദി സർക്കാരിനെതിരെ ജനലക്ഷങ്ങള്‍ അണിനിരക്കും. ഓഗസ്റ്റ് 28 ആയിരുന്നു മഹാറാലി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്.