കോണ്‍ഗ്രസ് മേഖലാ ജാഥകള്‍ക്ക് നവംബര്‍ 8 ന് തുടക്കം

Jaihind News Bureau
Wednesday, November 7, 2018

വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അഞ്ച് മേഖലാ ജാഥകള്‍ക്ക് നവംബര്‍ 8ന് തുടക്കം കുറിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ശബരിമല പ്രശ്‌നത്തില്‍ സംഘപരിവാര്‍ ശക്തികളും സി.പി.എമ്മും ഒരുപോലെ വിശ്വാസികളെ വഞ്ചിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ്. ആര്‍.എസ്.എസ്സിന്റെ പ്രമുഖ നേതാവും ദേവസ്വംബോര്‍ഡ് അംഗവും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതും നാം കണ്ടു. ആചാരലംഘനം നടത്തിയ ആളുകള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്നു പറയുന്നത് ശുദ്ധഭോഷ്‌ക്കാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. സി.പി.എമ്മിനും ആര്‍.എസ്.എസ്സിനും ശബരിമലയെ കലാപഭൂമിയാക്കുകയാണ് ഉദ്ദേശം. ലക്ഷോപലക്ഷം വിശ്വാസികളെ സി.പി.എമ്മും സംഘപരിവാര്‍ ശക്തികളും വഞ്ചിക്കുകയായിരുന്നു. സി.പി.എമ്മും ഹിന്ദുത്വ ശക്തികളും ശബരിമല പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേഖലാ ജാഥകളിലൂടെ കോണ്‍ഗ്രസ് തുറന്നു കാട്ടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ജാഥകള്‍ ആരംഭിക്കുന്നത്. എല്ലാ ജാഥകളും നവംബര്‍ 15ന് പത്തനംതിട്ടയില്‍ സംഗമിച്ച് വന്‍ പ്രകടനത്തോടും മഹാസമ്മേളനത്തോടും കൂടി സമാപിക്കും.

മേഖലാ ജാഥകളുടെ പ്രാരംഭ ഘട്ടമായി കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ നവംബര്‍ 8 ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും. കെ.പി.സി.സി. മുന്‍ അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ ജാഥ ഉദ്ഘാടനം ചെയ്യും. 14ന് മലപ്പുറത്ത് അവസാനിക്കും. ആലപ്പുഴയില്‍ നിന്നും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് നയിക്കുന്ന പദയാത്ര നവംബര്‍ 10 ന് ആരംഭിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും.
നവംബര്‍ 11 ന് തിരുവനന്തപുരത്ത് നിന്ന് കെ.പി.സി.സി പ്രചരണസമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ നയിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, തൊടുപുഴയില്‍ നിന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേതൃത്വം നല്‍കുന്ന പദയാത്ര എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യും.

പാലക്കാട് മുതല്‍ എറണാകുളം വരെ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ നയിക്കുന്ന വാഹനപ്രചരണജാഥ നവംബര്‍ 11 ന് ആരംഭിക്കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജാഥകളും നവംബര്‍ 15ന് പത്തനംതിട്ടയിലെത്തി മഹാസമ്മേളനത്തോടെ സമാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.