പാചകവാതക-ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാർച്ച്; പ്രതിഷേധ കാളവണ്ടി യാത്ര | VIDEO

Jaihind Webdesk
Thursday, April 7, 2022

തിരുവനന്തപുരം : പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ച് കോൺഗ്രസ്‌. ‘വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ’ എന്ന മുദ്രവാക്യം ഉയർത്തി ആയിരുന്നു മാർച്ച്. അനിയന്ത്രിതമായി ഉയരുന്ന ഇന്ധന പാചകവാതക വിലവർധനവിൽ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ കാളവണ്ടി യാത്രയും നടത്തി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിന്‍റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പ്രതിഷേധ മാർച്ച് രാജ്ഭവന് മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. മോദി സർക്കാരിന്‍റെ ഭരണത്തിൽ ജനങ്ങൾ വലയുകയാണെന്ന് താരിഖ് അൻവർ പറഞ്ഞു. പരിമിതികളില്ലാത്ത വില വർധനവ് സർക്കാരിന്‍റെ സൃഷ്ടിയാണെന്നും അത്യാവശ്യകാര്യങ്ങൾ പോലും നടത്താനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

രാജ്യത്തെ സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും വോട്ട് ചെയ്ത ജനങ്ങളെ കേന്ദ്ര സർക്കാർ വിഡ്ഡികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് പകൽകൊള്ള യാണെന്നും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്‍റെ പാതയിലാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് കൺവീനർ എംഎം ഹസൻ, ജി പരമേശ്വര അടക്കം നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.