തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, ഫെബ്രുവരി 1 മുതല്‍ പ്രക്ഷോഭം

Jaihind News Bureau
Sunday, January 4, 2026

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ന്യൂഡല്‍ഹിയില്‍ അറിയിച്ചു. പുതിയ നിയമനിര്‍മ്മാണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് പദ്ധതിയിലുള്ള അധികാരം നഷ്ടപ്പെട്ടുവെന്നും ഗ്രാമീണ മേഖലയിലെ ജനങ്ങളെ ഇത് വലിയ ദുരിതത്തിലാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 21 മുതല്‍ സംസ്ഥാനതല പ്രതിഷേധങ്ങള്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബ്ലോക്ക് ഓഫീസുകള്‍ക്കും മുന്നില്‍ ധര്‍ണ്ണ നടത്താനാണ് തീരുമാനം. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ പഴയ നിയമം തന്നെ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ സഖ്യത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സമരത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അധികാരമെല്ലാം കേന്ദ്രത്തില്‍ കേന്ദ്രീകരിക്കുകയും അതിന്റെ ബുദ്ധിമുട്ടുകള്‍ ഗ്രാമങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സാധാരണക്കാരുടെ തൊഴില്‍ അവകാശം സംരക്ഷിക്കാനായി ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.