കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആരോഗ്യസംരക്ഷണം അവകാശമാക്കും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 16, 2019

റായ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോഗ്യസംരക്ഷണം അവകാവകാശമാക്കുന്ന നിയമമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആശുപത്രികളുടെ ഒരു ശൃംഖലയിലൂടെ പൊതുജനങ്ങള്‍ക്ക് സൌജന്യ രോഗനിര്‍ണയവും മരുന്നും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ ‘ആരോഗ്യം എല്ലാവര്‍ക്കും’ എന്ന പേരില്‍ മായാറാം സുര്‍ജന്‍‌ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആരോഗ്യമേഖലയ്ക്കായി സര്‍ക്കാര്‍ ചെലവിടുന്ന തുക വിഹിതം ഇരട്ടിയിലേറെയാക്കും. വിദഗ്ധ പരിശീലനം ലഭിച്ച മെഡിക്കല്‍ പ്രൊഫണലുകളെയും നിയമിക്കും. ഇതിലൂടെ എല്ലാവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ലഭ്യമാക്കാനാകും. കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യം മൌലികാവകാശമെന്ന ഈ ആശയം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആലോചിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇപ്പോള്‍ ആരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ആഭ്യന്തര ഉദ്പാദന നിരക്കിന്‍റെ (GDP) 1.2 ശതമാനമാണെന്നാണ് കണക്കുകള്‍. അതായത് രാജ്യത്തെ ഒരു പൌരന് ഒരു വര്‍ഷത്തില്‍ ഏകദേശം 1,112 രൂപ എന്നതാണ് നിലവിലെ കണക്ക്. എന്നാല്‍ ജി.ഡി.പിയുടെ 3 ശതമാനം തുക വിനിയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതായത് നിലവില്‍ ചെലവഴിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന വിപ്ലവകരമായ തീരുമാനവും കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസമേഖലയിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ജി.ഡി.പിയുടെ 6 ശതമാനം വരെ വിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കാനും വിദ്യാഭ്യാസസമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.