ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആദ്യ പരിഗണന: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; 12ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

Jaihind Webdesk
Tuesday, April 2, 2019

ന്യൂഡല്‍ഹി: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന നല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. 2020 മാര്‍ച്ചിനു മുമ്പ് സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. തൊഴിലില്ലായ്മയും കര്‍ഷക ദുരിതവും സ്ത്രീ സുരക്ഷയില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അഞ്ചു പ്രധാന കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത് ദരിദ്ര കുടുംബങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് തന്നെയാണ് അതില്‍ പ്രധാനം – കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പ്രകാരം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി വിശദീകരിച്ചു. തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവും മുഖ്യധാരാ ചര്‍ച്ചയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. 22 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളത്. 2020 മാര്‍ച്ചിനു മുമ്പ് ഈ ഒഴിവുകളില്‍ നിയമനം നടത്തും.

കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഒഴിവാക്കും. സിവില്‍ കുറ്റമായി മാത്രമേ ഇതിനെ കണക്കാക്കൂവെന്ന് രാഹുല്‍ പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനാക്കി നീക്കിവയക്കും. 12ാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസ ഉറപ്പാക്കും. സര്‍ക്കാര്‍ ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി ദരിദ്രര്‍ക്കു മെച്ചപ്പെട്ട ആരോഗ്യരക്ഷ ഉറപ്പുവരുത്തും.

കോണ്‍ഗ്രസ് പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് വെറുപ്പും ഭിന്നതയും വ്യാപകമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതിനായിരിക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സമ്പത്തും ക്ഷേമവും എന്നതാണ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് മുതിര്‍ന്ന നേതാവ് പി ചിദംബരം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, എകെ ആന്റണി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സന്നിഹിതരായി.

രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. പ്രകടന പത്രികയിലാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനുളള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതിന് വിചാരണ തടവുകാരായി തുടരുന്നവരെ ഉടന്‍ വിട്ടയക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തില്‍ വരുത്തുന്ന ഭേദഗതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് അഫ്സ്പ പരിരക്ഷ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നു.
മാനനഷ്ടം സിവില്‍ കുറ്റമായി മാറ്റും. മൂന്നാംമുറ തടയുന്നതിനുളള പ്രത്യേക നിയമം പാസാക്കും. തടവുകാരുടെ മനുഷ്യാവകാശം ഉറപ്പുവരുത്തും. അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്രാധികാരങ്ങള്‍ സിആര്‍പിസിയുടേയും എവിഡന്‍സ് ആക്ടിന്റെയും പരിധിയിലാക്കും, ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു
തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും മുഖ്യ വിഷയമാക്കിയുളളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. മിനിമം വരുമാനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിയാണ് മുഖ്യആകര്‍ഷണം.
കര്‍ഷകര്‍ യുവാക്കള്‍, ന്യൂനപക്ഷം എന്നിവര്‍ക്കാണ് മുഖ്യ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.സ്ത്രീസുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ മുഖ്യധാരയിലെത്തിക്കും.ഞങ്ങള്‍ നടപ്പാക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം.

രാജ്യം ഏറെ നുണകള്‍ കേട്ടുവെന്നും, നുണകള്‍ ഇല്ലാത്ത പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വിഷയമാക്കുന്നത് തീവ്രദേശീയ വാദമാണെന്നും വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ടുളള ചടങ്ങില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉത്പാദന ക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ന്യായ പദ്ധതി, ജമ്മുകശ്മീരിനായുളള വികസന അജന്‍ണ്ട, ജിഎസ്ടി രണ്ടു സ്ലാബുകളിലാക്കി കുറക്കുക എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നു. അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ സൈന്യത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും ഉളള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയും, ലോക്സഭയിലും രാജ്യസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ പത്ത് ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുളള പദ്ധതി ഏര്‍പ്പെടുത്തും.