ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനാകില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. മതേതരത്വത്തെ സംരക്ഷിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യം ആർക്കും അടിയറവ് വെച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും വ്യക്തമാക്കി.
പൗരത്വ ബില്ലിനെതിരെ ആയിരങ്ങൾ പങ്കെടുത്ത ഭരണഘടന സംരക്ഷണ സമ്മേളത്തിൽ നേതാക്കളുടെ വലിയ നിരയായിരുന്നു അണിനിരന്നത്. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ അക്കമിട്ട് നിരത്തുന്നതായിരുന്നു നേതാക്കളുടെ പ്രസംഗം.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും ശ്രമം. നരേന്ദ്രമോദിയും അമിത് ഷായും യാഥാർത്ഥ്യ ബോധ്യം ഉൾക്കൊള്ളണമെന്നും ഇന്ത്യയിലെ ജനങ്ങൾ നീതിക്കായി അവസാനം വരെ പോരാടുമെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
ബിജെപി മതേതരത്വത്തിന്റെ കടക്കൽ കത്തി വെക്കുന്നുവെന്നും മോദിയുടേത് ഫാസിസ്റ്റ് ഭരണമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വൈര്യ നരാധന ബുദ്ധിയോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തിന്റെ ചിറകരിയുകയാണ് നരേന്ദ്ര മോദിയെന്നും അവസാന കോൺഗ്രസുകാരന്റെ ശ്വാസം നിലയ്ക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാർ, എം.പിമാർ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ സമ്മേളനത്തിൽ അണിനിരന്നു.