ജനാധിപത്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നടത്തുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂരിലെ നിയുക്ത എം പിയുമായ കെ സുധാകരൻ. സിപിഎമ്മിന്‍റെ പോക്ക് സർവനാശത്തിലേക്കാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് തെളിയിക്കുകയാണെന്നും കെ.സുധാകരൻ കണ്ണൂർ പിലാത്തറയിൽ പറഞ്ഞു.
പിലാത്തറയിലെ കോൺഗ്രസ് ബൂത്ത് ഏജന്‍റ് വി ടി വി പദ്മനാഭന്‍റേയും വോട്ടറായ ഷാലറ്റ് സെബാസ്റ്റ്യന്‍റെ വീടിനു നേരെയും വീടുകൾക്കു നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സി പി എമ്മിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കെ.സുധാകരൻ രൂക്ഷ വിമർശനം നടത്തിയത്. ജനാധിപത്യ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടമാണ് കണ്ണൂരിൽ കോൺഗ്രസ്സ് നടത്തുനത്.
രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്തും സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിന് തടയിട്ടും സി പി എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ ചവിട്ടി മെതിച്ചു കൊണ്ടാണ് സിപിഎം മുന്നോട്ടു പോകുന്നത്. ഇത് അധിക നാൾ തുടരില്ലെന്ന് കെ.സുധാകരൻ പറഞ്ഞു
അനുഭവങ്ങളിൽ നിന്നും പാടം പഠിക്കാൻ സി പി എം ഇനിയെങ്കിലും തായ്യറാവാണം നിലവിലെ കണ്ണൂർ ജില്ലാ കലക്ടറും പോലീസ് മേധാവിയുമൊക്കെ സിപിഎം നേതൃത്വത്തിന്‍റെ ആജ്ഞാനുവർത്തികളായി അവരുടെ ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്യുന്നത്. സിപിഎമ്മിന്‍റെ പോക്ക് സർവനാശത്തിലേക്കാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ചു തെളിയിക്കുകയാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
വിയോജിപ്പുള്ളവരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഭയപ്പാടിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് എതിരാളികളെ നിശബ്ദരാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നത്. പ്രാകൃതമായ ഈ രാഷ്ട്രീയശൈലിക്കെതിരായ വികാരമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. 19 സീറ്റ് കിട്ടിയതിലല്ല, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച മഹാഭൂരിപക്ഷത്തിലാണ് ജനങ്ങളുടെ വികാരം പ്രകടമാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണൻ, വി.എ നാരായണൻ, യു ഡി എഫ് ജില്ലാ ചെയർമാൻ പ്രൊഫ എ.ഡി മുസ്തഫ തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ചു.