കോണ്‍ഗ്രസില്ലാതെ മതേതര സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് സി.പി.എം തമിഴ്‌നാട് സെക്രട്ടറി

Jaihind Webdesk
Wednesday, December 26, 2018

2019 ലെ പൊതുതെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാതെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഡി.എം.കെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചാലും തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും അതേ പ്രകടനം കാഴ്ച്ചവെക്കുമായിരിക്കാം പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയമായി ഉപയോഗിച്ച് മതേതര പാര്‍ട്ടികളെ ഒന്നിക്കുന്നതില്‍ നിന്ന് തടയാനുള്ള ബിജെപി നീക്കത്തെ പാര്‍ട്ടി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറിയപ്പോഴും ബിജെപിക്കുണ്ടായത് 31 ശതമാനം വോട്ട് മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിച്ച് പോയതാണ് അവര്‍ക്ക് ഭരണം ലഭിക്കാന്‍ കാരണം. ശക്തമായ പ്രതിപക്ഷത്തിന് ഈ സ്ഥിതി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തില്ല എന്നതുപോലെ തന്നെ ഭൂരിപക്ഷം ഹിന്ദുക്കളുെട വോട്ടും നേടാനും അവര്‍ക്കായിരുന്നില്ലെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.