ബംഗളുരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തുണയായി കോണ്‍ഗ്രസ്; 30 അംഗ സംഘം സുരക്ഷിതരായി നാട്ടിലെത്തി | Video Story

Jaihind News Bureau
Monday, May 18, 2020

 

കണ്ണൂർ : ലോക്ക്ഡൗണിനെ തുടർന്ന് ബംഗളുരുവില്‍ കുടുങ്ങിയ 30 മലയാളികളെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സഹായത്തോടെയാണ് പാനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളെ നാട്ടിലെത്തിച്ചത്.

വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 30 പേരാണ് സ്വദേശമായ പാനൂരിലെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് ബംഗളുരുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഇവരെ നാട്ടിലെത്തിക്കണമെന്ന പാനൂരിലെ കോൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് കർണാടക പി.സി.സി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ, എൻ.എ ഹാരിസ് എം.എൽ.എ തുടങ്ങിയവർ സഹായവുമായി എത്തുകയായിരുന്നു. കേരളത്തിന്‍റെയും കർണാടകത്തിന്‍റെയും യാത്രാ പാസുകൾ സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ഇവർക്ക് സഞ്ചരിക്കാൻ ആവശ്യമായ ബസിനായി കർണാടക ട്രാൻസ്പോർട്ടിൽ അപേക്ഷ നൽകി. കർണാടക സർക്കാർ അനുമതി നൽകിയതോടെ യാത്രാ ടിക്കറ്റിനായുള്ള തുക കർണാടക പി.സി.സി പ്രസിഡന്‍റ് ഡി കെ ശിവകുമാറിന്‍റെ നിർദേശപ്രകാരം എൻ.എ ഹാരിസ് എം.എൽ.എ കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബസ് പാനൂരി ൽ എത്തിയത്. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു, ബ്ലോക്ക് പ്രസിഡന്‍റ് കെ.പി ഹാഷിം എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് പാനൂർ സ്വദേശികളെ നാട്ടിലേക്ക് അയക്കാൻ കർണാടക പി.സി.സി മുൻകൈയെടുത്തത്. ബംഗളുരുവിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷംജിത് നിടൂർ, അനിൽകുമാർ പൊയിലൂർ, നകുൽ എന്നിവർ ബംഗളുരുവിലും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി. എല്ലാവർക്കും നന്ദി പറഞ്ഞാണ് നാട്ടിലെത്തിയവർ ക്വാറന്‍റീനില്‍ പോയത്.

https://www.youtube.com/watch?v=pfXbNTKUec0