കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ

Jaihind Webdesk
Monday, March 11, 2019

ലോക്സഭ തെരഞ്ഞെടുപ്പ് കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ചർച്ചകൾക്കായി കേരളത്തിൽ നിന്ന് നേതാക്കൾ ഡൽഹിയിലെത്തി. തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും.

സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാകും കേരളത്തിലെ കോൺഗ്രസ‌് സ്ഥാനാർഥിനിർണയം പൂര്‍ത്തിയാക്കുക. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ‌് ചെന്നിത്തല എന്നിവരാണ‌് സ‌്ക്രീനിങ‌് കമ്മിറ്റിയിൽ പങ്കെടുക്കേണ്ടത‌്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ക്ഷണിതാക്കളായി എ.കെ ആന്‍റണി, ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും.

മുൻ കെപിസിസി പ്രസിഡന്‍റുമാർ, പി സി ചാക്കോ, പി ജെ കുര്യൻ, ബെന്നി ബഹനാൻ, വി.ഡി സതീശൻ എന്നിവരും പങ്കെടുത്തേക്കും.

സ‌്ക്രീനിങ്‌ കമ്മിറ്റിക്കുശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്നാണ‌് സ്ഥാനാർഥിപ്പട്ടിക അംഗീകരിക്കേണ്ടത‌്. മറ്റന്നാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലെത്തും.