സ്വർണ്ണക്കടത്ത് കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം : രൺദീപ് സിംഗ് സുർജേവാല

Jaihind News Bureau
Thursday, July 9, 2020

നയതന്ത്ര പരിരക്ഷയില്‍ കേരളത്തില്‍ നടന്ന സ്വര്‍ണ്ണകടത്ത് അതീവ ഗൗരവമുള്ളതാണെന്നും ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എ.ഐ.സി.സി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അറിവില്ലാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും എ.ഐ.സി.സി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തിലെ സമീപകാല സംഭവവികാസങ്ങള്‍ സി.പി.എം സര്‍ക്കാരിലെ ഉന്നത തലങ്ങളിലുള്ളവരുടെ നാണംകെട്ട സമീപനവും അവരുമായി ചിലര്‍ക്കുള്ള അടുപ്പവും വ്യക്തമാക്കുന്നതാണ്. അധികാരികളുടെ നിരീക്ഷണത്തില്‍, അതും നയതന്ത്ര പരിരക്ഷയില്‍ സ്വര്‍ണ്ണം കടത്തുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കേന്ദ്രസര്‍ക്കാരിലേയും സംസ്ഥാന സര്‍ക്കാരിലേയും ഉന്നതരുടെ പിന്തുണയോ അറിവോ ഇല്ലാതെ ഇത് നടക്കില്ല.

ക്രിമിനല്‍ പ്രവര്‍ത്തനത്തിന്‍റെ വ്യാപ്തി, ഉള്‍പ്പെട്ടവരുടെ സ്വാധീന സ്വഭാവം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വ്യക്തികളുടെയും വിശാല ചങ്ങല എന്നിവ കണക്കിലെടുക്കുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ എ.ഐ.സി.സി സംഭവത്തില്‍ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടുന്നു.

ഇത്തരം അന്വേഷണം ആവശ്യപ്പെടാന്‍ മൂന്ന് കാരണങ്ങളാണ്. ഒന്നാമത്തേത് കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയാണ്. രണ്ടാമത്തേത് സംസ്ഥാനത്ത് ഭരണത്തിലുള്ള സി.പി.എമ്മിലേയും കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പിയിലേയും ഉന്നതരുടെ പങ്കാളിത്തമാണ്. മൂന്നാമത്തേത് ഇനിയും പുറത്തുവരാത്ത മറ്റ് ഇടപെടലുകളാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.